ചരക്കുനീക്കം സുഗമമാക്കാൻ ഒമാനും ദുബായിക്കുമിടയിൽ 'ഗ്രീൻ കോറിഡോർ'; ഹത്ത അതിർത്തി വഴി വേഗത്തിൽ ക്ലിയറൻസ്
ദുബായ് ∙ ഒമാനും ദുബായിക്കുമിടയിലുള്ള ചരക്കുനീക്കം കൂടുതൽ വേഗത്തിലാക്കുന്നതിനായി 'ഗ്രീൻ കോറിഡോർ' സംവിധാനം പ്രഖ്യാപിച്ച് ദുബായ് കസ്റ്റംസ്. കടൽ-വ്യോമ മാർഗങ്ങളിലൂടെയുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ പുതിയ നീക്കം.
പുതിയ സംവിധാനം അനുസരിച്ച് ഒമാൻ തുറമുഖങ്ങൾ വഴി ദുബായിലേക്ക് വരുന്ന ചരക്കുകൾക്ക് പ്രത്യേക മുൻഗണന ലഭിക്കും. ഒമാനിൽ തന്നെ ട്രാൻസിറ്റ് ഡിക്ലറേഷൻ സമർപ്പിക്കുകയും വേഗത്തിലുള്ള കസ്റ്റംസ് നടപടികൾ പൂർത്തിയാക്കുകയും ചെയ്യാം. തുടർന്ന് ഷിപ്പിങ് ഏജന്റിന്റെ സീൽ പതിപ്പിച്ച കണ്ടെയ്നറുകൾ 'ഗ്രീൻ കോറിഡോർ' വഴി അതിർത്തി കടന്ന് ദുബായിലേക്ക് എത്തും.
∙ നടപടിക്രമങ്ങൾ ലളിതം -ഹത്ത അതിർത്തി വഴി എത്തുന്ന ചരക്കുകൾക്ക് ഈ സംവിധാനം വലിയ ആശ്വാസമാകും. -ഒമാനിൽ തുടക്കം: ചരക്കുകളുടെ വിവരങ്ങൾ ഒമാനിൽ തന്നെ കസ്റ്റംസ് നടപടികൾക്കായി സമർപ്പിക്കുന്നു.
-സുരക്ഷാ പരിശോധന: ചരക്കുകളുടെ സുരക്ഷ ഉറപ്പാക്കി ഷിപ്പിuD ഏജന്റ് കണ്ടെയ്നറുകൾ സീൽ ചെയ്യുന്നു. -ഹത്ത ബോർഡർ: അതിർത്തിയിലെത്തുമ്പോൾ മാനിഫെസ്റ്റ്, ബിൽ ഓഫ് ലോഡിങ് എന്നിവ സമർപ്പിച്ചാൽ മതിയാകും.
-വേഗത്തിൽ ക്ലിയറൻസ്: ദുബായിലെ ബന്ധപ്പെട്ട കസ്റ്റംസ് സെന്ററുകളിൽ മിനിറ്റുകൾക്കുള്ളിൽ ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കാം. വിപണിയിൽ ചരക്കുകളുടെ ലഭ്യത ഉറപ്പാക്കാനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും ഈ ഗ്രീൻ കോറിഡോർ സഹായകമാകും. ആഗോള വ്യാപാര ഭൂപടത്തിൽ ദുബായിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതിനൊപ്പം അയൽരാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.