ശബരിമല സ്വർണക്കൊള്ളക്കേസ്: തന്ത്രിക്ക് വീണ്ടും കുരുക്ക്; എസ്‌ഐടിയുടെ അപ്പീലിൽ ഹൈക്കോടതി നോട്ടീസ്
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് വീണ്ടും കുരുക്ക്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന എസ്‌ഐടിയുടെ അപ്പീലിൽ ഹൈക്കോടതി തന്ത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
മാത്രമല്ല തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണ കോടതിയുടെ പരാമർശങ്ങളും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ എസ്‌ഐടി സംഘം മാർച്ച് 13 നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തന്ത്രിക്കെതിരെ തെളിവില്ല എന്ന വിചാരണ കോടതിയുടെ പരാമർശം റദ്ദാക്കണം എന്ന ആവശ്യമുന്നയിച്ചു കൊണ്ടായിരുന്നു അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.
മാത്രമല്ല തന്ത്രിക്കെതിരെയുള്ള തെളിവുകൾ വ്യക്തമായി വിശദീകരിച്ചുകൊണ്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. കേസിലെ ഒന്നാപ്രതി പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും അതിന് തെളിവായി അവർ തമ്മിലുള്ള ശബ്ദസന്ദേശങ്ങൾ കണ്ടെത്തിയെന്നും, ദ്വാരപാലക പാളികളിൽ സ്വർണ്ണം പൂശിയിട്ടുണ്ടെന്ന് അറിയാമായിരുന്നിട്ടും ചെമ്പ് എന്ന് മഹസറിൽ എഴുതി ഒപ്പുവെച്ചുവെന്നും. 98 ൽ പാളികൾ സ്വർണ്ണം പൂശുമ്പോൾ കണ്ഠരര് രാജീവരര് ആണ് തന്ത്രിസ്ഥാനത്തുണ്ടായിരുന്നതെന്നും. സ്വർണ്ണപ്പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് തന്ത്രിക്ക് അറിയാമായിരുന്നുവെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷയും തന്ത്രിയുടെ അനുമതിയും തയ്യാറാക്കിയത് ഒരേ വേഡ് ഫയലിലാണെന്നും. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ സിസ്റ്റത്തിലാണ് ഇത് തയ്യാറാക്കിയതെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഒപ്പം തന്ത്രിക്കെതിരെ ഗുരുതര ആരോപണവും എസ്‌ഐടി കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. താന്ത്രിക കർമ്മങ്ങളിലെ മതിയായ അറിവാണ് തന്ത്രിയാകാനുള്ള പ്രാഥമിക യോഗ്യത എന്നും, തന്ത്രി ഭക്തനായിരിക്കണമെന്നാണ് ദേവസ്വം മാനുവലിലെ നിർദ്ദേശമെന്നും. എന്നാൽ ഇതിന് വിരുദ്ധമായ തെളിവുകൾ തന്ത്രിയുടെ മൊബൈലിൽ നിന്നും ഫൊറൻസിക് പരിശോധനയിലൂടെ കണ്ടെത്തിയെന്നും എസ്ഐടി കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ 41 ദിവസത്തെ റിമാൻഡിന് ശേഷം കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.