ബഹ്‌റൈൻ പ്രതിരോധം ശക്തം; 106 ബാലിസ്റ്റിക് മിസൈലുകളും 177 ഡ്രോണുകളും തകർത്തു
മനാമ ∙ ഇറാനിൽ നിന്നുള്ള നിരന്തരമായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ബഹ്‌റൈൻ പ്രതിരോധ സേന (ബിഡിഎഫ്) നിർണായകമായ നേട്ടം കൈവരിച്ചു. ആക്രമണങ്ങൾ ആരംഭിച്ചതുമുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമാക്കി വന്ന 106 ബാലിസ്റ്റിക് മിസൈലുകളും 177 ആളില്ലാ വിമാനങ്ങളും ബഹ്‌റൈൻ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തി നശിപ്പിച്ചതായി ബിഡിഎഫ് ജനറൽ കമാൻഡ് അറിയിച്ചു.
സിവിലിയൻ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് രാജ്യാന്തര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ജനറൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു.
റമസാനിൽ പോലും അതിരൂക്ഷമായ ആക്രമണങ്ങളാണ് മേഖലയിലുടനീളം നടക്കുന്നത്. കടുത്ത വെല്ലുവിളികൾക്കിടയിലും ബഹ്‌റൈന്റെ വ്യോമാതിർത്തി സുരക്ഷിതമായി നിലനിർത്താൻ സൈന്യത്തിന് സാധിച്ചിട്ടുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തി. ഔദ്യോഗിക വാർത്താ ഏജൻസികളിലൂടെ പുറത്തുവിടുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കാനും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ സേന വീണ്ടും ഓർമിപ്പിച്ചു.