പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് രാജ്യത്തുണ്ടായിരിക്കുന്ന എൽപിജി ക്ഷാമത്തിൽ ആശങ്ക ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലും വിവിധയിടങ്ങളിൽ പാചകവാതക ക്ഷാമം നേരിടുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നുണ്ടെന്നും ഇത് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന സേവനമേഖലയെ സാരമായി ബാധിക്കുന്നുവെന്ന ആശങ്കയും മുഖ്യമന്ത്രി പങ്കുവെച്ചു.
ജില്ലകൾക്കിടയിൽ യാത്ര ചെയ്യുന്ന തൊഴിലാളികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ അതിഥി തൊഴിലാളികളും ഭക്ഷണത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയുമൊക്കെയാണ്. ഗ്യാസ് ലഭ്യതയിൽ തടസ്സം തുടർന്നാൽ സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കേണ്ട സാഹചര്യം പോലും ഉണ്ടായേക്കാമെന്നാണ് വ്യാപാരരംഗത്തിന്റെ മുന്നറിയിപ്പെന്നും മുഖ്യമന്ത്രി കുറിച്ചു.
അതിനാൽ ഗാർഹിക ഉപഭോക്താക്കൾക്കും ഹോട്ടലുകൾക്കും ആവശ്യമായ എൽപിജി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ആവശ്യമായാൽ ബജറ്റ് വിഭവങ്ങളിൽ നിന്ന് സബ്സിഡി നൽകി ഒരു സംരക്ഷണ സംവിധാനം ഒരുക്കുന്നതും പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.