ദേശീയപാത ഉദ്ഘാടനത്തിൽ കേരളത്തെ അവഗണിച്ചു; കാസർഗോഡ് ‘പ്രതീകാത്മക ഉദ്ഘാടന’വുമായി പ്രതിഷേധം
ദേശീയപാത വികസനത്തിന്റെ ഉദ്ഘാടന പരിപാടികളിൽ നിന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും മന്ത്രി മുഹമ്മദ് റിയാസിനെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കാസർഗോഡ് ജില്ലയിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതീകാത്മക ഉദ്ഘാടനം നടത്തി. കൊച്ചിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കാനിരുന്ന തലപ്പാടി – ചെങ്കള റീച്ചാണ് എൽഡിഎഫ് നേതാക്കൾ ജനങ്ങൾക്കായി തുറന്നുനൽകിയത്. 2025 ആഗസ്റ്റിൽ നിർമ്മാണം പൂർത്തിയാക്കി കൈമാറിയ ഈ റീച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാരിനെ തഴഞ്ഞതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
എൽഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ നുള്ളിപ്പാടിയിൽ നിന്ന് പ്രതിഷേധ പ്രകടനമായി എത്തിയാണ് ദേശീയപാതയിൽ ഉദ്ഘാടനം നിർവഹിച്ചത്. സി എച്ച് കുഞ്ഞമ്പു എംഎൽഎ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. ദേശീയപാത ആറുവരിപ്പാതയാക്കി മാറ്റാൻ നിരന്തരം ഇടപെടലുകൾ നടത്തുകയും വലിയ തുക ചെലവഴിക്കുകയും ചെയ്ത സംസ്ഥാന സർക്കാരിനെ അവഗണിച്ച് കേന്ദ്രസർക്കാർ രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സി എച്ച് കുഞ്ഞമ്പു എംഎൽഎ ആരോപിച്ചു.
നിർമ്മാണം പൂർത്തിയായ തലപ്പാടി – ചെങ്കള, വെങ്ങളം – രാമനാട്ടുകര റീച്ചുകൾ പ്രധാനമന്ത്രി കൊച്ചിയിലെത്തി ഉദ്ഘാടനം ചെയ്യുന്ന വിവരം പോലും കൃത്യമായി സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ല. കേന്ദ്രത്തിന്റെ ഈ ഏകപക്ഷീയമായ നിലപാടിനെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്. എൽഡിഎഫ് ജില്ലാ നേതാക്കളും ജനപ്രതിനിധികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.