ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്! തീർത്ഥാടകർക്ക് നിയന്ത്രണങ്ങളുമായി പോലീസ്!
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് തുടക്കമായതോടെ ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിക്കുന്നു. വൃശ്ചികപ്പുലരിയിൽ അയ്യപ്പദർശനത്തിനായി ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിയത്.
ചൊവ്വാഴ്ച ഉച്ചവരെ ഏകദേശം 25,000 തീർത്ഥാടകർ സന്നിധാനത്ത് എത്തിയിരുന്നു. വെർച്വൽ ക്യൂ വഴി ഏകദേശം 60,000 പേർ ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെ ആദ്യദിനം 80,000 തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷ.
തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം പടിയിലൂടെ മിനിറ്റിൽ 75 തീർത്ഥാടകരെ വീതം കടത്തിവിടാനാണ് നിർദേശം.
വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലാതെ എത്തുന്ന തീർത്ഥാടകരെ നേരിട്ട് പമ്പയിലേക്ക് കൊണ്ടുപോകരുതെന്ന് ജില്ലാ കളക്ടർ കെഎസ്ആർടിസിക്ക് നിർദേശം നൽകി. ഇത്തരക്കാരെ നിലയ്ക്കലിൽ ഇറക്കി ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കണം.
പമ്പയിൽ സ്പോട്ട് ബുക്കിംഗ് സൗകര്യമില്ല. നിലയ്ക്കൽ, എരുമേലി, സത്രം എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഭക്തരുടെ സുരക്ഷയും സുഗമമായ ദർശനവും ഉറപ്പാക്കുന്നതിനായി പോലീസ്, ദേവസ്വം അധികൃതർ എന്നിവർ സംയുക്തമായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.