'1000 വർഷത്തെ അടിമത്തം, 13 വർഷത്തിനിടെ 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി'; നരേന്ദ്ര മോദി
അഹമ്മദാബാദ്: കഴിഞ്ഞ 13 വർഷത്തിനിടെ ഏകദേശം 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയിരം വർഷത്തെ അടിമത്തത്തിന് ശേഷം ഇന്ത്യ കൈവരിച്ച ചരിത്രപരമായ നേട്ടമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്തെ ദാരിദ്ര്യം കുറഞ്ഞത് പുതിയൊരു കാലഘട്ടത്തിന്റെ തുടക്കമാണെന്നും തന്റെ സർക്കാരിന്റെ വിവിധ നയങ്ങളും വികസന പ്രവർത്തനങ്ങളും ഇതിന് സഹായിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.
ദീപാവലിക്ക് ശേഷമുള്ള 'സ്നേഹമിലൻ' പരിപാടിയിൽ ഗുജറാത്തിലെ ബിജെപി പ്രവർത്തകരെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ നേട്ടം അംഗീകരിക്കാൻ ചില പ്രതിപക്ഷ നേതാക്കൾ തയ്യാറാകുന്നില്ലെന്നും നരേന്ദ്ര മോദി വിമർശിച്ചു. ബിജെപി ഭരണകാലത്താണ് ഈ മാറ്റം ഉണ്ടായതെന്നതിനാലാണ് ചിലർ അത് അംഗീകരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും സർക്കാരിന്റെ പ്രവർത്തനങ്ങൾ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടും മോദി തന്റെ പ്രസ്‌താവനയ്ക്ക് അടിസ്ഥാനമായി ചൂണ്ടിക്കാട്ടി. ലോകബാങ്കിന്റെ കണക്കനുസരിച്ച്, പ്രതിദിനം 4.20 ഡോളറിൽ താഴെ വരുമാനമുള്ളവരെ ഉൾപ്പെടുത്തിയുള്ള ദാരിദ്ര്യ നിരക്ക് ഇന്ത്യയിൽ 2011-12 കാലയളവിൽ 57.7 ശതമാനമായിരുന്നു. എന്നാൽ 2023-24 ആയപ്പോഴേക്കും ഇത് 16.1 ശതമാനമായി കുറഞ്ഞു. ഇതിലൂടെ ഏകദേശം 49.6 കോടി ആളുകൾ ഈ ദാരിദ്ര്യ പരിധിക്ക് മുകളിലേക്ക് ഉയർന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ചവർ ഇന്ന് രാജ്യത്തെ ദാരിദ്ര്യം കുറയുന്നത് കണ്ടിരുന്നെങ്കിൽ സന്തോഷിക്കുമായിരുന്നുവെന്നും മോദി പറഞ്ഞു. ആയിരം വർഷത്തെ അടിമത്തം രാജ്യത്തെ ദരിദ്രമാക്കിയെന്നും ഏകദേശം 50 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും തലമുറകൾ ഇന്ത്യയുടെ സുവർണകാലത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി തന്റെ സർക്കാർ നടപ്പാക്കിയ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചും മോദി സംസാരിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനുള്ള പദ്ധതി, വീടുകളിൽ സൗജന്യമായി എൽപിജി ഗ്യാസ് കണക്ഷൻ നൽകുന്ന പദ്ധതി, വൈദ്യുതി സൗകര്യം കൂടുതൽ വീടുകളിലേക്ക് എത്തിച്ചത്, ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ വിതരണം ചെയ്‌തത് എന്നിങ്ങനെയാണ് അദ്ദേഹം എടുത്തു പറഞ്ഞത്.
പ്രധാനമന്ത്രിയായ ശേഷം പാവപ്പെട്ടവരുടെ വീടുകളിൽ ശൗചാലയങ്ങൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ നേരിടേണ്ടി വന്ന വിമർശനങ്ങളും മോദി ഓർത്തെടുത്തു. ഒരു പ്രധാനമന്ത്രി എന്തിനാണ് ശൗചാലയ നിർമ്മാണത്തിന് പ്രാധാന്യം നൽകുന്നതെന്ന് ചില രാഷ്ട്രീയ എതിരാളികൾ ചോദിച്ചിരുന്നു. എന്നാൽ പാവപ്പെട്ട കുടുംബങ്ങളുടെ അന്തസ്സിനും ആരോഗ്യത്തിനും സുരക്ഷയ്ക്കും ശൗചാലയങ്ങൾ എത്രത്തോളം പ്രധാനമാണെന്ന് അവർ മനസിലാക്കിയില്ലെന്നും പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇത് വലിയ ആശ്വാസമാണ് നൽകിയതെന്നും മോദി പറഞ്ഞു.
പ്രസംഗത്തിന്റെ അവസാനത്തിൽ ബിജെപി പ്രവർത്തകർ പാർട്ടിയുടെ താൽപര്യത്തേക്കാൾ രാജ്യത്തിന്റെ താൽപര്യത്തിന് പ്രാധാന്യം നൽകണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വികസനത്തിന് സാമൂഹിക ഐക്യവും ഒരുമയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 25 വർഷത്തിനിടെ ഗുജറാത്ത് കൈവരിച്ച നേട്ടങ്ങളേക്കാൾ കൂടുതൽ വികസനം അടുത്ത 20 വർഷത്തിനുള്ളിൽ സംസ്ഥാനത്തിന് കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.