South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

സംസ്കൃത സര്‍വകലാശാല: വൈസ് ചാൻസലർക്ക് തിരിച്ചടി;വിദ്യാർഥികളെ ക്യാംപസിൽ പ്രവേശിപ്പിച്ച് പരീക്ഷ നടത്താൻ ഹൈക്കോടതി

സംസ്കൃത സര്‍വകലാശാല: വൈസ് ചാൻസലർക്ക് തിരിച്ചടി;വിദ്യാർഥികളെ ക്യാംപസിൽ പ്രവേശിപ്പിച്ച് പരീക്ഷ നടത്താൻ ഹൈക്കോടതി

വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കാൻ സാധ്യതയുള്ള ഒരു ഉത്തരവിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയ്ക്കും വൈസ് ചാൻസലർക്കും കനത്ത തിരിച്ചടി. സംസ്കൃത സര്‍വകലാശാലയിലെ വിദ്യാർഥികൾക്കെതിരെയുള്ള സസ്പെൻഷൻ നടപടികളും അന്വേഷണ റിപ്പോർട്ടും തുടർനടപടികളും ഹൈക്കോടതി നവംബർ 23 ന് റദ്ദാക്കി. വിദ്യാർഥികളെ ഉടൻ ക്യാംപസിൽ പ്രവേശിപ്പിക്കാനും ക്ലാസുകളിൽ പങ്കെടുപ്പിക്കാനും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
ഇതേ കേസിൽ ചട്ടം പാലിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി ഉണ്ടായതെന്നും യുജിസി മാനദണ്ഡങ്ങളും സര്‍വകലാശാല നിയമവും പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നവംബർ 3 ന് ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നു.
നവംബർ 23 ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്
സർവകലാശാലയ്ക്ക് വേണമെങ്കിൽ നിയമപ്രകാരം പുതിയ അന്വേഷണം നടത്താം. എന്നാൽ അന്വേഷണ കാലയളവിൽ വിദ്യാർഥികളെ വീണ്ടും സസ്പെൻഡ് ചെയ്യാൻ പാടില്ല.

ഇനി കുറ്റക്കാരാണെന്നു കണ്ടെത്തിയാലും ശിക്ഷ തീരുമാനിക്കുമ്പോൾ അവർക്ക് ഇതിനകം നൽകിയ 84 ദിവസത്തെ സസ്പെൻഷൻ കൂടി പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു.
ക്യാംപസുകളിൽ അക്രമങ്ങൾ പ്രോത്സാഹിപ്പിക്കാനാകില്ലെങ്കിലും വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്ന രീതിയിലുള്ള ശിക്ഷാനടപടികൾ ഉണ്ടാകരുതെന്ന് കോടതി ഓർമിപ്പിച്ചു. ‘നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ വിയോജിച്ചേക്കാം, എന്നാൽ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ ജീവൻ തന്ന് പോരാടും’ എന്ന വോൾട്ടയർ വാചകവും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ വിധിന്യായത്തിൽ എടുത്തുപറഞ്ഞു.
കോടതിയുടെ കണ്ടെത്തലുകൾ
അച്ചടക്ക നടപടി സ്വീകരിച്ചപ്പോൾ വിദ്യാർഥികൾക്കെതിരെ ‘മെമോ ഓഫ് ചാർജ്’ നൽകിയിരുന്നില്ല
ഹിയറിങ് നോട്ടിസിൽ ആരോപണങ്ങളുടെ വിവരങ്ങൾ ഉണ്ടായിരുന്നില്ല
സാക്ഷികളെ വിസ്തരിച്ചപ്പോൾ വിദ്യാർഥികൾക്ക് അവരെ ക്രോസ് വിസ്താരം ചെയ്യാനോ തങ്ങളുടെ ഭാഗം വിശദീകരിക്കാനോ അവസരം നൽകിയില്ല.
ഓഗസ്റ്റ് 13 ലെ സംഭവം മാത്രം അന്വേഷിക്കാൻ നിയോഗിച്ച സമിതി, വിദ്യാർഥികളുടെ പൂർവകാല ചരിത്രവും മറ്റ് വ്യക്തികളുടെ പരാതികളും പരിശോധിച്ചു. ഇവയുടെ പകർപ്പുകൾ വിദ്യാർഥികൾക്ക് നൽകാതിരുന്നതിനാൽ ഈ അന്വേഷണ റിപ്പോർട്ട് നിയമപരമായി നിലനിൽക്കില്ല
സർവകലാശാലയുടെ നടപടിയെ ചോദ്യം ചെയ്യാൻ വിദ്യാർഥികൾക്ക് മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല.
വൈസ് ചാൻസലർ ഉൾപ്പെട്ട സംഭവത്തിൽ സർവകലാശാല തന്നെ നിയമിക്കുന്ന സമിതിക്കു മുമ്പിൽ പരാതി നൽകുന്നത് ഫലപ്രദമല്ലെന്ന് സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.
അതുകൊണ്ട് 16 വിദ്യാർഥികളുടെയും സസ്പെൻഷൻ ഉത്തരവും അന്വേഷണ സമിതിയുടെ റിപ്പോർട്ടും സിൻഡിക്കറ്റിന്റെ തുടർനടപടികളും പൂർണമായി റദ്ദാക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.
സസ്പെൻഷൻ കാരണം പരീക്ഷ എഴുതാൻ സാധിക്കാതെ പോയ 10 വിദ്യാർഥികൾക്ക്, സർവകലാശാല സുപ്രീം കോടതിയിൽ നൽകിയ ഉറപ്പ് പ്രകാരം ആറ് ആഴ്ചയ്ക്കുള്ളിൽ പ്രത്യേക പരീക്ഷ നടത്തണം. മറ്റ് ഹർജിക്കാർ പിഎച്ച്ഡി ഗവേഷകരായതിനാൽ പരീക്ഷകൾ നഷ്ടപ്പെട്ടിട്ടില്ല.

പശ്ചാത്തലം
അധ്യാപക തസ്തികകൾ നികത്താത്തത്, അച്ചടിച്ച ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകാത്തത്, ഫെലോഷിപ്പ് കുടിശിക, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങി ക്യാംപസിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് സമരം ചെയ്തിരുന്ന വിദ്യാർഥികൾ, ഓഗസ്റ്റ് 13ന് സിൻഡിക്കറ്റ് യോഗത്തിനെത്തിയ വൈസ് ചാൻസലറെ കണ്ട് പരാതി നൽകാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തുടർന്നുണ്ടായ പ്രതിഷേധവും പൊലീസുമായുള്ള തർക്കവും സംഘർഷത്തിൽ കലാശിച്ചു.ഈ സംഭവത്തിൽ കാലടി പൊലീസ് രണ്ട് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തു.
സെപ്റ്റംബർ 1ന് സർവകലാശാല 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയും ഒരു സമിതിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തുകയും ചെയ്തു. സസ്പെൻഷനെതിരെയും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും വിദ്യാർഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. വിദ്യാർഥികള്‍ക്ക് പരീക്ഷ എഴുതാൻ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ അനുമതി നൽകി. എന്നാൽ സർവകലാശാലയും വൈസ് ചാൻസലറും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. നവംബർ 3 ന് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി.

ചട്ടം പാലിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി ഉണ്ടായതെന്നും യുജിസി മാനദണ്ഡങ്ങളും സര്‍വകലാശാല നിയമവും പാലിച്ചില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും പരീക്ഷ എഴുതാനാകില്ല. വി സിയുടെ അപ്പീല്‍ നിലനില്‍ക്കുമെന്നാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
ചരിത്രത്തിലാദ്യമായായിരുന്നു വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുത് എന്ന് കാട്ടി ഒരു സര്‍വകലാശാല വി സി തന്നെ കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്റന്‍സ് ഇല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍.
വിദ്യാര്‍ത്ഥികള്‍ മാപ്പ് എഴുതി നല്‍കിയാല്‍ തിരിച്ചെടുക്കാമെന്നായിരുന്നു സര്‍വകലാശാലയുടെ നിലപാട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ മാപ്പും നല്‍കില്ല ഒരു കോപ്പും നല്‍കില്ലെന്നും സവര്‍ക്കറുടെ പാരമ്പര്യമല്ല തങ്ങള്‍ക്കെന്നും എസ്എഫ്‌ഐ പ്രതികരിച്ചിരുന്നു.
പിന്നാലെ വിദ്യാർഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് വീണ്ടും ഹർജി പരിഗണിച്ച് തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശിച്ചതോടെയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഇത് വീണ്ടും പരിഗണിച്ചത്. 22 ദിവസം മുമ്പ് സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാര്‍ഥികൾ നിരാഹാര സമരവും ആരംഭിച്ചിരുന്നു.

📍 Keralam
📰 News18Kerala
🕒 5 hrs ago

Related News

6 വർഷത്തിന് ശേഷം അകാലിദൾ എൻഡിഎയിലേക്ക്
6 വർഷത്തിന് ശേഷം അകാലിദൾ എൻഡിഎയിലേക്ക്
ഇക്കുറി പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയോ? ചർച്ചയായി സർക്കാർ നീക്കം, ചരിത്രം ഇങ്ങനെ
ഇക്കുറി പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയോ? ചർച്ചയായി സർക്കാർ നീക്കം, ചരിത്രം ഇങ്ങനെ
‘കൃപേഷിന്റെയും ശരത് ലാലിന്റേയും ചോര വിറ്റയാളാണ് ഉണ്ണിത്താന്‍'; ചരിത്രം വിളമ്പിക്കരുതെന്ന് നേമം ഷജീര്‍
‘കൃപേഷിന്റെയും ശരത് ലാലിന്റേയും ചോര വിറ്റയാളാണ് ഉണ്ണിത്താന്‍'; ചരിത്രം വിളമ്പിക്കരുതെന്ന് നേമം ഷജീര്‍
⬅ Back
➕ Post Ad
To Ads ➡