പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കൂടിയത് 7% മാത്രം: പെട്രോളിയം മന്ത്രി
കഴിഞ്ഞ നാല് വര്‍ഷവും രാജ്യത്ത് ഇന്ധന വില പിടിച്ചുനിര്‍ത്താനായി എന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി. മറ്റ് പല രാജ്യങ്ങളിലും പെട്രോള്‍, ഡീസല്‍ വിലകളില്‍ 50 മുതല്‍ 70 ശതമാനം വരെ വര്‍ധനയുണ്ടായപ്പോള്‍, ഇന്ത്യയില്‍ 2026 വരെയുള്ള നാല് വര്‍ഷത്തിനുള്ളില്‍ ഈ ഇന്ധനങ്ങളുടെ വിലയില്‍ 7 ശതമാനം വര്‍ധനവ് മാത്രമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര എക്‌സൈസ് തീരുവയില്‍ വരുത്തിയ കുറവും, ഉയര്‍ന്ന ചെലവിന്റെ ഒരു ഭാഗം പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ ഏറ്റെടുത്തതും ആണ് ആഭ്യന്തര വിപണിയില്‍ ഇന്ധനവിലയിലെ വര്‍ധനവ് താരതമ്യേന കുറവായിരുന്നതിന് കാരണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിപണിയില്‍ ഊര്‍ജ്ജ വില വര്‍ധിച്ചപ്പോള്‍, അതിന്റെ ആഘാതം ഇന്ത്യന്‍ ഉപഭോക്താക്കളില്‍ കുറയ്ക്കാന്‍ സര്‍ക്കാരിന്റെ ഈ നടപടികള്‍ സഹായിച്ചുവെന്ന് പുരി പറഞ്ഞു.
'ആഗോള ഊര്‍ജ്ജ വിപണിയില്‍ ഇന്ത്യ ഒരു പ്രത്യേക മാതൃകയാണ്. ഈ കാലയളവില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ ശ്രദ്ധേയമാണ്. എക്‌സൈസ് തീരുവയിലെ മൂന്ന് തവണയുള്ള കുറവ് ഇന്ധനവിലയിലെ ആഘാതം നിയന്ത്രിക്കാന്‍ സഹായിച്ചു.
പെട്രോളിന്റെയും ഡീസലിന്റെയും മേലുള്ള കേന്ദ്ര എക്‌സൈസ് തീരുവ മൂന്ന് ഘട്ടങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. നവംബര്‍ 2021, മെയ് 2022, മാര്‍ച്ച് 2026 എന്നീ തിയതികളിലായിരുന്നു ഈ നടപടികള്‍,' അദ്ദേഹം പറഞ്ഞു.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചപ്പോള്‍, അതിന്റെ ആഘാതം ആഭ്യന്തര ഇന്ധനവിലയില്‍ കുറയ്ക്കാന്‍ ഈ നടപടികള്‍ സഹായിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് തുടങ്ങിയ എണ്ണ വിപണന കമ്പനികള്‍, ഉയര്‍ന്ന ചെലവിന്റെ ഭാരം മുഴുവന്‍ ഉപഭോക്താക്കളുടെ മേല്‍ ചുമത്തുന്നതിന് പകരം, വലിയൊരു ഭാഗം നഷ്ടം സ്വയം ഏറ്റെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന ഊര്‍ജ്ജ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍, ഈ പൊതുമേഖലാ എണ്ണ കമ്പനികള്‍ നഷ്ടം സഹിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് പുരി പറഞ്ഞു. അതേസമയം രാജ്യത്ത് എല്‍പിജിക്ക് ക്ഷാമമുണ്ടെന്ന വാദങ്ങളെ മന്ത്രി തള്ളിക്കളഞ്ഞു. രാജ്യത്തിനകത്ത് എല്‍പിജി ലഭ്യത ഉറപ്പാക്കുന്നതിനായി, എണ്ണ കമ്പനികള്‍ പ്രതിദിന ഉല്‍പ്പാദനം 34,000 മെട്രിക് ടണ്ണില്‍ നിന്ന് 55,000 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചതായി പുരി അറിയിച്ചു.
രാജ്യത്തുടനീളമുള്ള 1,07,000 റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും എല്‍പിജി വിതരണം തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരിടത്തും എല്‍പിജി സിലിണ്ടറുകള്‍ക്ക് ക്ഷാമം ഉണ്ടായിട്ടില്ലെന്ന് പുരി വ്യക്തമാക്കി. എന്നിരുന്നാലും ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ ഊര്‍ജ്ജ വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നത് തുടരുന്നുവെന്ന് പുരി സമ്മതിച്ചു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ഇറാന്‍, അമേരിക്ക, ഇസ്രായേല്‍ എന്നിവയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ എന്നിവ ആഗോള ക്രൂഡ് ഓയില്‍ വിലയെ ബാധിച്ചേക്കാവുന്ന ഘടകങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംഭവവികാസങ്ങള്‍ മൂലം ഇന്ത്യ വെല്ലുവിളികള്‍ നേരിടുന്നത് തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുകയും, അതുവഴി ക്രൂഡ് ഓയില്‍ വില കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.