മരിച്ചാൽ രണ്ട് ലക്ഷം ധനസഹായം; ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
ശബരിമലയിലെത്തുന്ന ഭക്തർക്കായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. എൽ.ഐ.സിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഇതു പ്രകാരം തീർത്ഥാടനത്തിനിടെ മരണം സംഭവിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിലൂടെയെത്തുന്ന എല്ലാ തീർത്ഥാടകർക്കും ഈ ആനുകൂല്യം ലഭിക്കും. സന്നിധാനത്തേക്ക് പുറപ്പെടുന്നതിന്റെ തലേദിവസം മുതൽ മൂന്ന് ദിവസത്തേക്കാണ് ഈ പരിരക്ഷ ലഭിക്കുക. മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നട തുറക്കുന്നതിന് മുൻപ് തന്നെ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഭക്തരുടെ സൗകര്യം മുൻനിർത്തി നിരവധി സുപ്രധാന തീരുമാനങ്ങളാണ് ഇത്തവണ ബോർഡ് കൈക്കൊണ്ടിട്ടുള്ളത്. ശബരിമല പാതകളിൽ വിശ്രമത്തിനായി 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചതോടെ മലകയറുമ്പോഴുള്ള യാത്രാക്ലേശം ഒരു പരിധി വരെ കുറയും. നിലയ്ക്കലിൽ അയ്യായിരത്തോളം പേർക്ക് ഒരേസമയം വിശ്രമിക്കാൻ സാധിക്കുന്ന വലിയ പന്തലുകളും ഒരുക്കിയിട്ടുണ്ട്.
വഴിപാടുകൾക്കായി ഡിജിറ്റൽ പേയ്മെന്റ് രീതികൾ പ്രോത്സാഹിപ്പിക്കാനും, ഡോളി സർവീസുകൾ പൂർണ്ണമായും പ്രീ-പെയ്ഡ് ആക്കാനും തീരുമാനിച്ചിട്ടുണ്ട്. നട തുറക്കുന്ന ഈ മാസം 17-ഓടെ 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടാകുമെന്നും, അരവണ നിർമ്മാണത്തിനാവശ്യമായ ശർക്കരയുടെ കാര്യത്തിൽ യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മിൽമയിൽ നിന്നാണ് ആവശ്യമായ നെയ്യ് ശേഖരിക്കുന്നത്. മുമ്പ് ഓൺലൈൻ മുറി ബുക്കിംഗിലുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങളെല്ലാം പൂർണ്ണമായി പരിഹരിച്ചതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.