India Visa rules ഇന്ത്യയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പം
ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്കുള്ള വിസ ചട്ടങ്ങൾ കൂടുതൽ ലളിതമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിലവിലുണ്ടായിരുന്ന 13 പ്രധാന വിസ വിഭാഗങ്ങൾ ഒൻപതായും, 49 ഉപവിഭാഗങ്ങൾ 23 ആയും വെട്ടിക്കുറച്ചു. വിദേശ വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, നിക്ഷേപകർ, ചികിത്സാർത്ഥം എത്തുന്നവർ എന്നിവർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം.
ഇതിനൊപ്പം വിസ അപേക്ഷാ ഫോമുകളിലെ സങ്കീർണ്ണതകളും കുറയ്ക്കും. അവശേഷിക്കുന്ന 23 ഉപവിഭാഗങ്ങളിലായി അപേക്ഷാ ഫോമുകളിലെ കോളങ്ങൾ 65 മുതൽ 70 ശതമാനം വരെ കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ടൂറിസ്റ്റ് വിസ ഇനി 'വിസിറ്റർ വിസ'; പ്രധാന മാറ്റങ്ങൾ:
നിലവിലുണ്ടായിരുന്ന ടൂറിസ്റ്റ് വിസ ഇനി മുതൽ 'വിസിറ്റർ വിസ' എന്ന പേരിലാണ് അറിയപ്പെടുക. ഇതിൽ അനുവദനീയമായ പ്രവർത്തനങ്ങളുടെ പരിധി വിപുലീകരിച്ചിട്ടുണ്ട്. യാത്രയുടെ ഉദ്ദേശ്യവും താമസിക്കുന്ന കാലയളവും അനുസരിച്ച് അപേക്ഷകർക്ക് V-1, V-2 എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.
V-1 വിസ : 30 ദിവസത്തെ കാലയളവിൽ ഒന്നിലധികം തവണ രാജ്യത്തേക്ക് പ്രവേശിക്കാൻ ഇത് അനുവദിക്കുന്നു. വിനോദസഞ്ചാരത്തിന് പുറമെ ബിസിനസ് മീറ്റിംഗുകൾ, വൈദ്യപരിശോധനകൾ, വെൽനസ് റിട്രീറ്റുകൾ, ഹ്രസ്വകാല ചികിത്സകൾ എന്നിവയ്ക്കും ഇത് ഉപയോഗിക്കാം. ഇന്ത്യൻ ഭാഷകൾ, സംഗീതം, കല, കരകൗശലം എന്നിവയിലെ ഹ്രസ്വകാല കോഴ്സുകളിൽ പങ്കെടുക്കുന്നതിനും V-1 വിസ മതിയാകും.
V-2 വിസ: അനുമതിയുടെ നിബന്ധനകൾക്ക് വിധേയമായി ഒന്ന്, അഞ്ച് അല്ലെങ്കിൽ 10 വർഷത്തെ കാലാവധിയുള്ള വിസയാണിത്. V-1 വിസയിൽ അനുവദിച്ചിട്ടുള്ള എല്ലാ കാര്യങ്ങൾക്കും പുറമെ പർവതാരോഹണത്തിനും ഇത് ഉപയോഗിക്കാം. പർവതാരോഹണത്തിനായി എത്തുന്നവർക്കായി ആറ് മാസത്തെ പ്രത്യേക മൾട്ടിപ്പിൾ എൻട്രി വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരൊറ്റ യാത്രയിൽ തന്നെ വിനോദസഞ്ചാരം, ബിസിനസ് ചർച്ചകൾ, ചികിത്സ, സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് പുതിയ പരിഷ്കാരം ഏറെ ഗുണകരമാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ബിസിനസ് വിസയിൽ B-1, B-2 വിഭാഗങ്ങൾ:
വിദേശ ബിസിനസ് പ്രൊഫഷണലുകൾക്കുള്ള ചട്ടങ്ങളും സർക്കാർ പരിഷ്കരിച്ചു. ദീർഘകാല ബിസിനസ് പദ്ധതികളെയും ഹ്രസ്വകാല കരാർ ജോലികളെയും വേർതിരിക്കുന്നതിനായി B-1, B-2 എന്നീ രണ്ട് വിഭാഗങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.
B-1 വിസ: ഇന്ത്യയിൽ വ്യവസായ യൂണിറ്റുകളോ പുതിയ സംരംഭങ്ങളോ തുടങ്ങുന്നത് ഉൾപ്പെടെ, ലൈസൻസുകൾ ആവശ്യമുള്ള ദീർഘകാല ബിസിനസ് പ്രവർത്തനങ്ങൾക്കായാണ് B-1 വിസ നൽകുന്നത്.
B-2 വിസ: കരാർ അടിസ്ഥാനത്തിലുള്ള ഹ്രസ്വകാല ജോലികൾക്കാണ് B-2 വിസ. പ്രൊഡക്ഷൻ ഇൻവെസ്റ്റ്മെന്റ് ബിസിനസ്, കോൺഫറൻസുകൾ, കായിക മത്സരങ്ങൾ, കലാപ്രകടനങ്ങൾ, സിനിമാ ചിത്രീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ കമ്പനികൾ നിയമിക്കുന്ന വിദേശ സാങ്കേതിക വിദഗ്ധർക്ക് ഇ-വിസ പ്ലാറ്റ്ഫോം വഴി B-2 വിഭാഗത്തിന് കീഴിലുള്ള 'പ്രൊഡക്ഷൻ ഇൻവെസ്റ്റ്മെന്റ് ബിസിനസ് വിസ'യ്ക്ക് അപേക്ഷിക്കാം. യന്ത്രങ്ങൾ സ്ഥാപിക്കൽ, ഗുണനിലവാര പരിശോധന, അറ്റകുറ്റപ്പണികൾ, ഐ.ടി - ഇ.ആർ.പി പ്രവർത്തനങ്ങൾ, ജീവനക്കാർക്കുള്ള പരിശീലനം, സപ്ലൈ ചെയിൻ വികസനം, പ്ലാന്റ് ഡിസൈൻ, സാങ്കേതിക വിദ്യാ കൈമാറ്റം എന്നിവയ്ക്കായി എത്തുന്ന വിദഗ്ധർക്കും എഞ്ചിനീയർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തെ e-B4 വിഭാഗത്തിലായിരുന്നു ഈ സൗകര്യം നൽകിയിരുന്നത്.