സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി). സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി നല്‍കിയ കത്തിലാണ് ഈ ആവശ്യം. അഴിമതി തടയല്‍ നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ രണ്ടാമത്തെ കത്താണ് ഇഡി നല്‍കുന്നതത്രെ.
പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഇഡി ഏറെ കാലമായി അന്വേഷണം നടത്തുന്നു. വീണയെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയും ചെയ്തു. ഇതില്‍ നിന്നെല്ലാം നിര്‍ണായക തെളിവ് ലഭിച്ചു എന്നാണ് ഇഡി പറയുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, വീണ എന്നിവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമാണ് വീണയുടെ എക്‌സാലോജികിന് സിഎംആര്‍എല്ലിന്റെ കരാര്‍ ലഭിക്കുന്നത്. കരാര്‍ ലഭിക്കാന്‍ കാരണം മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ടാണ് എന്ന് ഇഡി ചൂണ്ടിക്കാണിക്കുന്നു. അഴിമതിയുടെ ഒരു വശം ഇവിടെയുണ്ട് എന്നാണ് ഇഡി പറയുന്നത്. കള്ളപ്പണ കേസാണ് ഇഡി ഇതുവരെ അന്വേഷിച്ചത്. ഈ അന്വേഷണ വേളയില്‍ അഴിമതിയുടെ ഭാഗം കണ്ടെത്തിയെന്നും അതിന് പ്രത്യേകം കേസെടുത്ത് അന്വേഷിക്കണം എന്നുമാണ് ഇഡിയുടെ ആവശ്യം.
നല്‍കാത്ത സേവനത്തിന് വീണയ്ക്കും എക്‌സാലോജികിനും 2017 മുതല്‍ 2020 വരെ സിഎംആര്‍എല്‍ പണം നല്‍കി എന്നാണ് ആരോപണം. ഒന്നേ മുക്കാല്‍ കോടിയോളം രൂപയാണ് ഇത്തരത്തില്‍ ലഭിച്ചതത്രെ. പണം ലഭിച്ചതില്‍ വഴിവിട്ട കാര്യങ്ങള്‍ നടന്നിട്ടില്ല എന്നാണ് നേരത്തെ സിപിഎം വ്യക്തമാക്കിയിരുന്നത്. മാത്രമല്ല, കൃത്യമായി നികുതി അടച്ചിട്ടുണ്ട് എന്നും നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അഴിമതി നടന്നു എന്ന് ഇഡി പറയുന്നു.
നേരത്തെ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം തേടിയിരുന്നു. വിജിലന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും ഈ ആവശ്യം നിരസിക്കുകയാണ് ചെയ്തത്. ഇവിടെ ഇഡി കേസെടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.
നേരത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇഡി കത്ത് നല്‍കിയിരുന്നുവത്രെ. ഇപ്പോള്‍ നല്‍കിയ രണ്ടാമത്തെ കത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇനി യുഡിഎഫ് സര്‍ക്കാരും ആഭ്യന്തര വകുപ്പും എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്.
LIVE