രമ്യാ ഹരിദാസിന്റെ പേഴ്സണൽ സ്റ്റാഫ് മകളെ ഭീഷണിപ്പെടുത്തി;എന്നെ പിടിച്ചുതള്ളി'; പ്രാദേശിക നേതാവിന്റെ ഭാര്യ
ചിറയിൻകീഴ് എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ പ്രതികരിച്ച് പ്രാദേശിക നേതാവ് സജാദിന്റെ ഭാര്യ സിനി. എംഎൽഎ ആയതുകൊണ്ടാണ് വീട്ടിൽ കയറ്റിയതെന്നും താനും മക്കളും മാത്രമുള്ളപ്പോഴാണ് ആളുകൾ കയറിവന്നതെന്നും സിനി പറഞ്ഞു.
പാളയം പ്രദീപ് മകളെ ഭീഷണിപ്പെടുത്തി. എന്നെ പിടിച്ചുതള്ളി. മൂന്ന്, നാല് പേർ വീട്ടിലേക്ക് കയറി. അതിൽ എംഎൽഎയുമുണ്ടായിരുന്നു. മകളെ വിളിച്ച് ഫോൺ കൊടുത്തിട്ടി ഉച്ചത്തിൽ വായിക്കാൻ പറഞ്ഞു. മൂന്ന്, നാല് തവണ മകളെ ഭീഷണിപ്പെടുത്തി വായിക്കാൻ നിർബന്ധിച്ചു. അപ്പോൾ മകൾ കരഞ്ഞു. അതെന്തിനാ വായിക്കുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ എന്നെ പിടിച്ചുതള്ളി. അതിന് ശേഷമാണ് പ്രശ്നങ്ങളുണ്ടായത്. കസേരയെല്ലാം തല്ലിത്തകർത്തു. പൊലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്നും സിനി പറഞ്ഞു.
കോൺഗ്രസ് പൂന്തുറ മണ്ഡലം വൈസ് പ്രസിഡന്റ് എസ്. സജാദിന്റെ പുളിമൂട്ടിലുള്ള വീട്ടിലെത്തിയാണ് രമ്യ ഹരിദാസും പാളയം പ്രദീപും ഉൾപ്പെടെയുള്ള സംഘം പ്രദേശത്തെ നേതാക്കളുമായി തർക്കത്തിലേർപ്പെട്ടത്. പാളയം പ്രദീപ് ആരാണെന്ന് എംഎൽഎയോട് ചോദിച്ചതിന് പിന്നാലെ, ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തെ “നീ ആരെടാ” എന്ന് ആക്രോശിച്ച് മുഖത്തടിച്ചെന്നാണ് പരാതി.
തന്നെയും ഭാര്യയെയും മകളെയും എംഎൽഎയും പാളയം പ്രദീപും ഭീഷണിപ്പെടുത്തിയതായി സജാദ് ആരോപിച്ചു. വീട്ടിലെത്തിയ സംഘം വീട്ടുപകരണങ്ങൾ തല്ലിത്തകർത്തതായും സജാദ് പറഞ്ഞു.
എംഎൽഎയും കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. രമ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എസ്‌സി/എസ്‌ടി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.