Select Location
All Locations
State
Region
City / District
സൈബർ തട്ടിപ്പ്; ബാങ്കുകളുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി

സൈബർ തട്ടിപ്പ്; ബാങ്കുകളുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി

തിരൂർ: ഏതാനും ഉപഭോക്താക്കൾക്കെതിരെ ഉയരുന്ന സൈബർ തട്ടിപ്പ് ആരോപണങ്ങളുടെ പേരിൽ സഹകരണ ബാങ്കുകളുടെ അക്കൗണ്ടുകളും മരവിപ്പിക്കുന്ന നടപടി ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് കേരള ഹൈക്കോടതി. യഥാർത്ഥ തട്ടിപ്പുകാർ പലപ്പോഴും അന്വേഷണം പുരോഗമിക്കുന്നതിനുമുമ്പേ തട്ടിപ്പിലൂടെ ലഭിച്ച തുക പിൻവലിച്ച് രക്ഷപ്പെടുമ്പോൾ, അതിന്റെ മുഴുവൻ ആഘാതവും സഹിക്കേണ്ടിവരുന്നത് സഹകരണ ബാങ്കുകളാണെന്ന് ജസ്റ്റിസ് എം.എ. അബ്ദുൽ ഹഖീം നിരീക്ഷിച്ചു.

തലക്കാട് സർവീസ് സഹകരണ ബാങ്ക് സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ഹർജിക്കാരായ തലക്കാട് സർവീസ് ബാങ്ക്, ചില അക്കൗണ്ട് ഉടമകൾക്കെതിരായ സൈബർ തട്ടിപ്പ് അന്വേഷണങ്ങളുടെ പേരിൽ ആവർത്തിച്ച് ബാങ്കിന്റെ തന്നെ അക്കൗണ്ട് മരവിപ്പിക്കുന്നതായും നിലവിലെ നിയമങ്ങളിൽ ആവശ്യമായ മാറ്റം കൊണ്ടുവരണം എന്നുമാണ് കോടതിയെ അറിയിച്ചത്.

സഹകരണ ബാങ്കുകൾ NEFT, RTGS, IMPS, UPI തുടങ്ങിയ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിനായി ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളിൽ സൂക്ഷിക്കുന്ന പൊതുവായ സെറ്റിൽമെന്റ് അക്കൗണ്ടുകളാണ് മിറർ അക്കൗണ്ടുകൾ. ഏതാനും ഉപഭോക്താക്കൾക്കെതിരെ അന്വേഷണം നടക്കുമ്പോൾ മുഴുവൻ മിറർ അക്കൗണ്ടുകളും മരവിപ്പിക്കുന്നത് ബാങ്കിന്റെ എല്ലാ ഓൺലൈൻ ബാങ്കിങ് സേവനങ്ങളെയും ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു അക്കൗണ്ട് ഉടമക്കെതിരെ സൈബർ തട്ടിപ്പ് സംശയം ഉയരുമ്പോൾ, ആ വ്യക്തിയുടെ അക്കൗണ്ടിന് പകരം സഹകരണ ബാങ്കിന്റെ മിറർ അക്കൗണ്ടാണ് അന്വേഷണ ഏജൻസികൾ ഫ്രീസ് ചെയ്യുന്നതെന്നും, ഇതുവഴി ബാങ്കിന് വൻ സാമ്പത്തിക നഷ്ടവും സേവന തടസ്സവും ഉണ്ടാകുന്നുവെന്നും കോടതി നിരീക്ഷിച്ചു

കൂടാതെ, പ്രതികളുടെ വിവരങ്ങൾ ലഭിക്കുന്നതിനുള്ള കാലതാമസം മൂലം യഥാർത്ഥ കുറ്റവാളികൾ ഇതിനകം തന്നെ തട്ടിപ്പിലൂടെ ലഭിച്ച തുക പിൻവലിച്ച് അപ്രത്യക്ഷരാകുന്ന സാഹചര്യം ഉണ്ടാകുന്നതായും, അവസാനം നഷ്ടം സഹിക്കേണ്ടിവരുന്നത് ബാങ്കാണെന്നും കോടതി വ്യക്തമാക്കി. കേസിൽ, ബാങ്ക് തിരൂർ പോലീസിന് നൽകിയ പരാതിയിൽ നാല് പേർ സൈബർ തട്ടിപ്പിനായി മാത്രം ബാങ്കിൽ അക്കൗണ്ടുകൾ തുറന്നതായി ആരോപിച്ചിരുന്നു. ആകെ 32.45 ലക്ഷം രൂപയുടെ സംശയാസ്പദ ഇടപാടുകളിൽ 11.57 ലക്ഷം രൂപ ഈ നാല് പേരുടെ അക്കൗണ്ടുകളിലേക്ക് എത്തിയതായി ബാങ്ക് കണ്ടെത്തിയതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. പരാതി നൽകിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ബാങ്കിന്റെ പരാതിയും കോടതി പരിഗണിച്ചു. പരാതിയിൽ വെളിപ്പെടുത്തിയിരിക്കുന്ന ആരോപണങ്ങൾ ഭാരതീയ ന്യായ സംഹിത, 2023-ലെ സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പ് 111 ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്നതാണെന്ന് നിരീക്ഷിച്ച കോടതി, നാല് അക്കൗണ്ട് ഉടമകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തിരൂർ പോലീസിന് നിർദേശം നൽകി.

ഇതിന് മുമ്പ്, പോലീസിന്റെയോ കോടതിയുടെയോ നിദ്ദേശം ഉണ്ടെങ്കിലും പോലും ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് യാതൊരു വിധത്തിലുള്ള തുകയും മാറ്റരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു. കേസ് വീണ്ടും പരിഗണിച്ച കോടതി, ഈ ഇടക്കാല ഉത്തരവ് രണ്ടുമാസത്തേക്ക് കൂടി ദീർഘിപ്പിക്കുകയും തുടർവാദത്തിനായി ഓഗസ്റ്റ് 18-ലേക്ക് കേസ് മാറ്റിവെക്കുകയും ചെയ്തു. നേരത്തെ തലക്കാട് ബാങ്ക് സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. സുപ്രീം കോടതി നിർദേശപ്രകാരമാണ് നിലവിലുള്ള ഹൈക്കോടതി ഇടപെടൽ. ആവശ്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ കോടതി കേന്ദ്ര സർക്കാരിന്റെ സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു. സഹകരണ ബാങ്കിന് വേണ്ടി അഡ്വ. മനാസ് പി. ഹമീദ്, കേന്ദ്ര സർക്കാരിന് വേണ്ടി അഡ്വ. പി. ശ്രീകുമാർ എന്നിവർ ഹാജരായി.


Mathrubhumi News 1 hour ago
Home Flash News