ഇ20 പെട്രോൾ വില്ലനോ? വാഹന ഉടമയ്ക്ക് അനുകൂലമായി ആദ്യ ഉപഭോക്തൃ കോടതി വിധി
രാജ്യത്ത് ഇ20 പെട്രോളുമായി ബന്ധപ്പെട്ട പരാതിയില്‍ വാഹന ഉടമയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ച് റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഇ20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് തന്‍റെ വാഹനത്തിന്‍റെ എന്‍ജിന് ഗുരുതര തകരാറുകൾ സംഭവിച്ചതായി കാണിച്ച് ഉപഭോക്താവ് നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. ഇ20 പെട്രോളുമായി ബന്ധപ്പെട്ട ഒരു പരാതിയിൽ രാജ്യത്തെ ആദ്യ ഉപഭോക്തൃ കോടതി വിധിയാണിത്. വാഹനത്തിൽ ഇ20 പെട്രോൾ അടിച്ചതിന് തൊട്ടുപിന്നാലെ എന്‍ജിന്‍റെ പ്രവർത്തനക്ഷമത മോശമാകുകയും, മിസ് ഫയറിങ് ഉണ്ടാവുകയും, കാര്യക്ഷമത ക്രമേണ കുറയുകയും ചെയ്തതായാണ് ഉടമ പരാതിയിൽ ചൂണ്ടിക്കാണിച്ചത്. തുടർച്ചയായി അറ്റകുറ്റപ്പണികൾ നടത്തിയിട്ടും എന്‍ജിന്‍ തകരാറുകൾ ആവർത്തിച്ചു. ഒടുവില്‍ വലിയ തുക തന്നെ അറ്റകുറ്റപ്പണികള്‍ക്കായി ചിലവഴിക്കേണ്ടി വരികയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
വാഹന ഉടമയുടെ വാദങ്ങളെ വാഹന നിർമ്മാതാക്കളും ഡീലർമാരും ശക്തമായി എതിർത്തു. തങ്ങളുടെ വാഹനത്തില്‍ ഇ20 പെട്രോള്‍ ഉപയോഗിച്ചതുകൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നും, സാധാരണ ഉണ്ടാകുന്ന തേയ്മാനമോ കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതോ ആകാം തകരാറിന് കാരണമെന്നുമാണ് അവർ കോടതിയിൽ വാദിച്ചത്. എന്നാൽ നിർമ്മാതാക്കളുടെ വാദങ്ങൾ ഉപഭോക്തൃ കമ്മീഷൻ തള്ളി. അംഗീകൃത വർക്ക്‌ഷോപ്പുകളിൽ പലതവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും തകരാർ ആവർത്തിച്ചത്, പ്രശ്നം ഫലപ്രദമായി പരിഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്ന ഉപഭോക്താവിന്‍റെ വാദത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
തുടര്‍ന്ന് പരാതിക്കാരന് അറ്റകുറ്റപണിയ്ക്ക് ചിലവായ മുഴുവനായും തിരികെ നൽകാൻ നിർമ്മാതാക്കൾക്കും ഡീലർക്കും നിർദ്ദേശം നൽകി. ഇതിന് പുറമെ ഉപഭോക്താവിന് നേരിടേണ്ടി വന്ന മാനസിക വിഷമത്തിന് നഷ്ടപരിഹാരവും കോടതിച്ചിലവും നൽകാനും വിധിയിൽ പറയുന്നു. നിർദ്ദിഷ്ട സമയത്തിനകം തുക നൽകിയില്ലെങ്കിൽ പലിശ സഹിതം നൽകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. രാജ്യത്ത് ഇ20 പെട്രോളുമായി ബന്ധപ്പെട്ട് വാഹന ഉടമകളില്‍ ആശങ്കകള്‍ നിലനില്‍ക്കെയാണ് ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ വിധി വരുന്നത്. നിലവിൽ പെട്രോൾ പമ്പുകളിൽ സാധാരണയായി ലഭ്യമാകുന്ന ഇന്ധനം ഇ20 ആണെന്നും അതുകൊണ്ടു തന്നെ ഉപഭോക്താക്കൾക്ക് മറ്റ് ബദലുകൾ ലഭ്യമല്ല. ഇത്തരമൊരു സാഹചര്യത്തിൽ വാഹന ഉടമകൾ ഇ20 ഇന്ധനം ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിസഹമല്ലെന്നും കോടതി നിരീക്ഷിച്ചു