മുല്ലപ്പെരിയാറിൽ തൊട്ട് കളിക്കേണ്ടെന്ന് ടിവികെ സർക്കാർ; പുതിയ ഡാം അനുവദിക്കില്ല, വൻ പ്രഖ്യാപനങ്ങളും
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിനോട് ഇടഞ്ഞുകൊണ്ട് നയപ്രഖ്യാപന പ്രസംഗം നടത്തി ടിവികെ സർക്കാർ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നുമാണ് ടിവികെയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.
തമിഴ്‌നാട്ടിൽ സംശുദ്ധവും സത്യസന്ധവും സുതാര്യവുമായ ഭരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നിരവധി പ്രഖ്യാപനങ്ങളുമായാണ് സൂപ്പർതാരം വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ഇന്ന് രംഗത്ത് വന്നത്. നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, ഭരണസംവിധാനത്തിൽ നിന്ന് അഴിമതി പൂർണമായി ഇല്ലാതാക്കാനും ജനങ്ങൾക്ക് സുതാര്യമായ ഭരണം ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം ഇക്കുറി ഗവർണറുടെ പതിവ് പ്രസംഗം നിയമസഭയിൽ യാതൊരു തടസവുമില്ലാതെ നടന്നു. സമ്മേളനം തമിഴ്ത്തായ് വാഴ്തോടെ ആരംഭിച്ചു. തുടർന്ന് ദേശീയഗാനം ആലപിച്ച ശേഷമാണ് ഗവർണർ പ്രസംഗം നടത്തിയത്. സാധാരണയായി ദേശീയഗാനം സമ്മേളനത്തിന്റെ അവസാനത്തിലാണ് ആലപിക്കാറുള്ളത്. സർക്കാരിന്റെ എല്ലാ വകുപ്പുകളിലെയും വാങ്ങലുകളും പൊതുടൻഡറുകളും പൂർണമായും സുതാര്യമാക്കുകയും കർശനമായ നിരീക്ഷണ സംവിധാനത്തിന് കീഴിലാക്കുകയും ചെയ്യുമെന്ന് ഗവർണർ നയ പ്രഖ്യാപനത്തിൽ അറിയിച്ചു. ഇടനിലക്കാരുടെ ഇടപെടലും അനധികൃത കൈക്കൂലി രീതികളും പൂർണമായും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്ലാത്തതും സത്യസന്ധവുമായ ഭരണം ഉറപ്പാക്കാൻ എല്ലാ തടസങ്ങളും മറികടക്കാൻ സർക്കാർ തയ്യാറാണെന്നും അതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ഊർജം ലഭിക്കുമെന്നും ഗവർണർ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയ ശേഷം സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക നീതിയുടെ ഭാഗമായി, നിലവിൽ നടക്കുന്ന ജനസംഖ്യാ സെൻസസിനൊപ്പം ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പും നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഗവർണർ അറിയിച്ചു. കേന്ദ്രം ജാതി സെൻസസ് പൂർത്തിയാക്കിയ ശേഷം തമിഴ്‌നാട് സമഗ്രമായ സാമൂഹിക നീതി സർവേ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പ്രധാന പ്രഖ്യാപനങ്ങൾ അഴിമതിയില്ലാത്തതും സത്യസന്ധവും സുതാര്യവുമായ ഭരണം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഇടനിലക്കാരുടെയും അനധികൃത കൈക്കൂലി രീതികളുടെയും പൂർണമായ ഒഴിവാക്കലും ശുദ്ധമായ ഭരണത്തിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊന്നലും സർക്കാർ ഉറപ്പാക്കും. ജനസംഖ്യാ സെൻസസിനൊപ്പം കേന്ദ്രസർക്കാർ ജാതി അടിസ്ഥാനത്തിലുള്ള സെൻസസും നടത്തണമെന്ന് സർക്കാർ ആവശ്യപ്പെടും. കേന്ദ്രത്തിന്റെ ജാതി സെൻസസ് പൂർത്തിയായ ശേഷം തമിഴ്‌നാട്ടിൽ സാമൂഹിക നീതി സർവേ നടത്തും. രണ്ട് മാസത്തെ ബില്ലിംഗ് കാലയളവിൽ 500 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകും. മയക്കുമരുന്ന് രഹിത തമിഴ്‌നാട് ലക്ഷ്യമിട്ട് എല്ലാ ജില്ലകളിലും പ്രത്യേക മയക്കുമരുന്ന് നിരോധന സേന രൂപീകരിക്കും. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്‌റ്റാൻഡുകൾ എന്നിവയിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിലെ 717 മദ്യശാലകൾ അടച്ചുപൂട്ടും. വ്യാജമദ്യ നിർമാർജനത്തിനും മദ്യവിതരണ മേഖലയിലെ ക്രമക്കേടുകൾ തടയുന്നതിനും കർശന നടപടി സ്വീകരിക്കും. അനധികൃത ഖനനവും ധാതു കടത്തും തടയുകയും ധാതു വരുമാനം ഇരട്ടിയാക്കുകയും ചെയ്യും.
കാർഷിക വായ്‌പ ഇളവിന്റെ ഭാഗമായി 75,000 രൂപ വരെയുള്ള വായ്‌പ പൂർണമായി എഴുതിത്തള്ളും. അതിലധികം വായ്‌പയുള്ള അർഹരായ കർഷകർക്ക് 35,000 രൂപയുടെ ആശ്വാസം നൽകും. ഇതിലൂടെ 14.43 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കും. കൂടാതെ കർഷകർ, കുശവന്മാർ, കുടുംബങ്ങൾ എന്നിവർക്കായി തടാകങ്ങളിലും കുളങ്ങളിലും നിന്ന് സൗജന്യമായി ചെളി വിതരണം ചെയ്യും. ഇതിനായി 18,274 ജലാശയങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തും. ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) തുടരുമെന്നും ത്രിഭാഷാ നയത്തെ എതിർക്കുമെന്നും സർക്കാർ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020-നെയും എതിർക്കും. വിദ്യാഭ്യാസം സംയുക്ത പട്ടികയിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ ശ്രമം തുടരും. മേക്കേദാട്ടു പദ്ധതിക്കെതിരെ നിയമനടപടികൾ തുടരും. തമിഴ്‌നാടിന് കാവേരി ജലം ഉറപ്പാക്കാനുള്ള ശ്രമവും തുടരും. കീഴടി, ആദിച്ചനല്ലൂർ ഉൾപ്പെടെയുള്ള പൈതൃക കേന്ദ്രങ്ങളിൽ പുരാവസ്‌തു ഗവേഷണം തുടരും. ഈ കേന്ദ്രങ്ങൾക്ക് യുനെസ്കോ അംഗീകാരം നേടാനുള്ള ശ്രമങ്ങളും സർക്കാർ നടത്തും. വ്യവസായ വളർച്ചയും നിക്ഷേപ പ്രോത്സാഹനവും വഴി 2036ഓടെ തമിഴ്‌നാടിനെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുകയാണ് ലക്ഷ്യം.
വിവരസാങ്കേതിക വകുപ്പ് വികസിപ്പിച്ച് കൃത്രിമ ബുദ്ധി (എഐ) ഉൾപ്പെടുത്തും. ഭരണത്തിലും പൊതുസേവനങ്ങളിലും എഐയുടെ ഉപയോഗം വർധിപ്പിക്കും. ഹിന്ദു മത-ധർമ്മകാര്യ വകുപ്പിൽ ഘടനാപരമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയും ക്ഷേത്ര സ്വത്തുക്കളുടെ ഓഡിറ്റ്, കമ്പ്യൂട്ടറൈസ്‌ഡ് അക്കൗണ്ടിംഗ്, ഭരണത്തിലെ ക്രമക്കേടുകൾ ഒഴിവാക്കൽ എന്നിവ ഉറപ്പാക്കുകയും ചെയ്യും.