വിരാട് കോലി ഏകദിന ടീമിന് പുറത്ത്; അഫ്ഗാനെതിരെ കളിക്കില്ല! കാരണം ഇതാ
അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ വിരാട് കോലി കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ പതിമൂന്നിന് ധരംശാലയില്‍ ആരംഭിക്കുന്ന മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ താരം ഉണ്ടാകില്ലെന്ന് ബിസിസിഐയാണ് വ്യക്തമാക്കിയത്. ഹാംസ്ട്രിങ്സിനേറ്റ പരുക്കാണ് കാരണം. ഐപിഎലില്‍ മിന്നും ഫോമിലായിരുന്ന കോലി ഫൈനലില്‍ ഗുജറാത്തിനെതിരെ ആര്‍സിബിക്കായി വിജയറണ്‍ നേടിയിരുന്നു. കോലിക്ക് പുറമെ രോഹിതിന്‍റെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. നിലവില്‍ രോഹിതിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കുന്നത് പോലെയാകും ശേഷം കാര്യങ്ങളെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്‍റെ ബാറ്റിങ് ശൈലിയില്‍ പുതിയ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ കൊണ്ടുവന്നതായി കോലി ഐപിഎല്‍ ഫൈനലിന് പിന്നാലെ വെളിപ്പെടുത്തിയിരുന്നു. ടീമിന്‍റെ സ്കോര്‍ ഉയര്‍ത്തുന്നതിനാണ് താന്‍ പ്രാധാന്യം നല്‍കിയതെന്നും അതിന് കളിയില്‍ കൊണ്ടുവന്ന മാറ്റം സഹായിച്ചുവെന്നും താരം തുറന്ന് പറഞ്ഞിരുന്നു. കളി എന്താണോ ആവശ്യപ്പെടുന്നത് , ടീം എന്താണോ ആവശ്യപ്പെടുന്നത് ആ തരത്തില്‍ സ്വന്തം പ്രകടനത്തെ ചിട്ടപ്പെടുത്താന്‍ യുവതാരങ്ങള്‍ക്ക് കഴിയണമെന്നും കോലി പറഞ്ഞു. വ്യത്യസ്തമായി കളിക്കാന്‍ കഴിയണമെന്നും സിക്സ് മാത്രമല്ല, ഫോറടിക്കാനും ശ്രമിക്കണമെന്നും അത് നടന്നില്ലെങ്കില്‍ സ്ട്രൈക്ക് കൈമാറാന്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു താരത്തിന്‍റെ ഉപദേശം.
അതിനിടെ അഫ്ഗാനെതിരായ ടെസ്റ്റില്‍ സൂപ്പര്‍ പേസര്‍ സിറാജും കളിച്ചേക്കില്ലെന്ന് സൂചനയുണ്ട്. ഐപിഎലില്‍ ഗുജറാത്തിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സിറാജിന് വര്‍ക്ലോഡ് മാനേജ്മെന്‍റിന്‍റെ ഭാഗമായിട്ടാകും വിശ്രമം അനുവദിക്കുക. അങ്ങനെയെങ്കില്‍ സിറാജിന് പകരം ജമ്മു കശ്മീര്‍ താരം അക്വിബ് നബി ടീമില്‍ ഇടം പിടിക്കും. സിറാജിന്‍റെ കാര്യത്തില്‍ രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനമാണ് നബി പുറത്തെടുത്തത്. 60 വിക്കറ്റാണ് സീസണിലെ താരത്തിന്‍റെ സമ്പാദ്യം. ജമ്മുവിന്‍റെ കന്നിക്കിരീട നേട്ടത്തിലും നബിയുടെ പ്രകടനം നിര്‍ണായകമായിരുന്നു.