അബുദാബിയിൽ ഇനി വാഹന പാർക്കിംഗ് എളുപ്പം; ക്യൂആർ കോഡും മെഷീനും ഒന്നും വേണ്ട, പുതിയ പദ്ധതി
അബുദാബി: ഇനി തടസങ്ങളില്ലാതെ പ്രവർത്തനം നടത്താൻ അബുദാബി നിവാസികൾക്ക് ഉടൻതന്നെ ഒരു പുതിയ സ്‌മാർട്ട് പാർക്കിംഗ് സംവിധാനം ലഭ്യമാകും. ഡാർബ് ആപ്പ് വാലറ്റ് വഴി പാർക്കിംഗ് ഫീസ് സ്വയമേവ ഈടാക്കുന്ന ഈ സംവിധാനം ജൂൺ ഒന്നിന് നിലവിൽ വരുമെന്ന് ക്യൂ മൊബിലിറ്റി അറിയിച്ചു. 'ഫ്രീ ഫ്ലോ പെയ്‌ഡ് പാർക്കിംഗ് സിസ്‌റ്റം' എസ്എംഎസ്, പേയ്‌മെന്റ് മെഷീനുകൾ, ക്യുആർ കോഡുകൾ, നേരിട്ടുള്ള ഇടപാടുകൾ എന്നിവയുടെ ആവശ്യകത ഇല്ലാതാക്കുന്നു.
തലസ്ഥാനത്ത് സമ്പൂർണ്ണ ഓട്ടോമേറ്റഡ് പാർക്കിംഗ് ലക്ഷ്യമിടുന്ന ഈ സംവിധാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് കാര്യക്ഷമമാക്കുന്നതെന്ന് ക്യൂ മൊബിലിറ്റി അറിയിച്ചു. വാഹനം നിശ്ചിത പാർക്കിംഗ് സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ പാർക്കിംഗ് സെഷനുകൾ യാന്ത്രികമായി ആരംഭിക്കും.
വാഹനം പുറത്തേക്ക് പോകുമ്പോൾ ഫീസ് കണക്കാക്കുകയും ഉപയോക്താക്കളുടെ വാലറ്റിൽ നിന്ന് തുക നേരിട്ട് ഈടാക്കുകയും ചെയ്യും. പേപ്പർ ടിക്കറ്റുകളും പണമായുള്ള ഇടപാടുകളും ഒഴിവാക്കി, പാർക്കിംഗ് കൂടുതൽ വേഗവും ലളിതവും കാര്യക്ഷമവുമാക്കാനും ഡ്രൈവർമാർക്ക് മികച്ച അനുഭവം നൽകാനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. തടസമില്ലാത്ത ഓട്ടോമാറ്റിക് പേയ്‌മെന്റുകൾ ഉറപ്പാക്കുന്നതിനും പിഴകൾ ഒഴിവാക്കുന്നതിനും സേവനം ഉപയോഗിക്കുന്നതിന് മുമ്പ് ഡാർബ് ഇ-വാലറ്റിൽ ആവശ്യമായ പണമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്ന് ക്യൂ മൊബിലിറ്റി ഊന്നിപ്പറഞ്ഞു. ആദ്യഘട്ടത്തിൽ, മൾട്ടി-സ്‌റ്റോറി പാർക്കിംഗ് സൗകര്യങ്ങളിലും ചില സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങളിലും ഈ സംവിധാനം ലഭ്യമാകും. വരുന്ന മാസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. അതേസമയം, ദുബായിലും പാർക്കിംഗ് പേയ്‌മെന്റുകളിൽ ഡിജിറ്റൽ മാറ്റങ്ങൾക്ക് കളമൊരുങ്ങുകയാണ്. എമിറേറ്റിന്റെ 'കാഷ്‌ലെസ് സ്ട്രാറ്റജി 2026'ന്റെ ഭാഗമായി, ജൂൺ ഒന്നു മുതൽ പാർക്കിംഗ് മീറ്ററുകളിൽ പണമായുള്ള ഇടപാടുകൾ നിർത്തലാക്കും.
ദുബായിലെ പൊതുഗതാഗത ശൃംഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന നോൾ കാർഡുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് പണമടയ്ക്കാൻ സാധിക്കും. എന്നാൽ, പാർക്കിംഗ് ആവശ്യങ്ങൾക്കായി പാർക്കിൻ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കാൻ അധികൃതർ പ്രോത്സാഹിപ്പിക്കുന്നു. ഇത് നടപടികൾ കൂടുതൽ കാര്യകക്ഷമമാക്കും. പാർക്കിൻ മൊബൈൽ ആപ്പ് കൂടുതൽ സുഗമമായ അനുഭവം നൽകുമെന്ന് കമ്പനി അറിയിച്ചു.
ഉപയോക്താക്കൾക്ക് പാർക്കിംഗിന് പണം നൽകാനും സെഷനുകൾ വിദൂരമായി നീട്ടാനും പേയ്‌മെന്റ് ചരിത്രം ട്രാക്ക് ചെയ്യാനും കാലാവധി മുന്നറിയിപ്പുകൾ ലഭിക്കാനും ഇതുവഴി സാധിക്കും. ദുബായ് നൗ, ആർടിഎ ആപ്പുകൾ വഴിയും പാർക്കിംഗ് പേയ്‌മെന്റുകൾ തുടർന്നും ലഭ്യമാകും. പൂർണമായും പണരഹിതമായ സേവനങ്ങളിലേക്കുള്ള എമിറേറ്റിന്റെ മാറ്റത്തിന്റെ ഭാഗമാണിത്.