ഇറാനിലെ IRGC-യെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം, ഉപരോധം ഏർപ്പെടുത്തണം; ഇന്ത്യയോട് ഇസ്രയേൽ
ജെറുസലേം: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പിനെ(IRGC) തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും അവർക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രയേൽ ഭരണകൂടം. ഇറാനുമായി മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കും വെടിനിർത്തലിനും ഇടയിലാണ് ഇസ്രയേൽ ഉദ്യോഗസ്ഥർ ഇന്ത്യയോട് പുതിയ ആവശ്യം ഉന്നയിച്ചത്.
ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ് അവർ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഐആർജിസിയുടെ വളർന്നുവരുന്ന പ്രാദേശികവും അന്തർദേശീയവുമായ സാന്നിധ്യത്തെക്കുറിച്ചും പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് വ്യാപിക്കുന്ന ഭീഷണികളെക്കുറിച്ചും ഇന്ത്യയെ ഇസ്രയേൽ ആശങ്ക അറിയിച്ചിട്ടുണ്ട്.
ഐആർജിസിക്കെതിരെ പല രാജ്യങ്ങളും ഇതിനകം നടപടിയെടുത്തിട്ടുണ്ടെന്നും ഇന്ത്യയും സമാനമായ നടപടികൾ ആലോചിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസ്രയേലി ഉദ്യോഗസ്ഥർ പ്രത്യാശ പ്രകടിപ്പിച്ചതായാണ് വിവരം. ഈ ഇറാനിയൻ സൈനിക സംഘടനയുടെ പ്രവർത്തനങ്ങളെയും സ്വാധീനത്തെയും കുറിച്ചുള്ള വിലയിരുത്തലുകൾ വിവിധ നയതന്ത്ര തലങ്ങളിൽ ഇന്ത്യൻ അധികൃതരുമായി പങ്കുവെച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. 'ഇന്ത്യയിൽനിന്നുള്ള ഞങ്ങളുടെ പ്രതീക്ഷകളിലൊന്ന് ഐആർജിസിക്കെതിരെയുള്ള നടപടിയാണ്. പല രാജ്യങ്ങളും ഇതിനകം ആ ദിശയിലേക്ക് നീങ്ങിക്കഴിഞ്ഞു.' ചർച്ചയ്ക്കിടെ ഒരു മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഐആർജിസിയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളും ഉപരോധങ്ങളും ഏർപ്പെടുത്തിയ ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ അംഗങ്ങൾ തുടങ്ങിയ രാജ്യങ്ങളുടെ സമീപകാല നീക്കങ്ങളും ഉദ്യോഗസ്ഥർ പരാമർശിച്ചു.
ഇസ്രയേലുമായും ഇറാനുമായും ഇന്ത്യ തന്ത്രപരമായ ബന്ധം തുടരുന്ന സാഹചര്യത്തിൽ ഈ വിഷയം പ്രാധാന്യമർഹിക്കുന്നു. ഈ മാസമാദ്യം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യ സന്ദർശിക്കുകയും ന്യൂഡൽഹിയും ടെഹ്റാനും തമ്മിലുള്ള ബന്ധം ശക്തവും ദീർഘകാലവുമായ ഒന്നാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഘടനയെക്കുറിച്ചുള്ള ആശങ്കകൾ പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും ഇത് ആഗോള സുരക്ഷാ ചർച്ചയുടെ ഭാഗമായി മാറിയെന്നും അവർ വാദിച്ചു. ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നിവയുൾപ്പെട്ട നിലവിലെ സംഘർഷങ്ങളുമായും ഐആർജിസിയെ ഇസ്രയേലി ഉദ്യോഗസ്ഥർ ബന്ധിപ്പിച്ചു. ആഗോള വിപണികളെയും മേഖലയിലെ ഊർജ്ജ പാതകളെയും ബാധിച്ച ആഴ്ചകൾ നീണ്ട സൈനിക സംഘർഷത്തിന് ശേഷം പ്രദേശത്ത് ദുർബലമായ വെടിനിർത്തലാണ് നിലവിലുള്ളത്. 2023 ഒക്ടോബർ ഏഴിന് നടന്ന ആക്രമണങ്ങൾക്ക് ശേഷം ഹമാസിനെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ അധികൃതർ അവകാശപ്പെട്ടു. ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ ഹമാസിനെയോ ഐആർജിസിയെയോ ഭീകര സംഘടനകളായി പ്രഖ്യാപിച്ചിട്ടില്ല. ഐആർജിസിയെ ദുർബലപ്പെടുത്തുക എന്നത് ഇറാനുമായി ബന്ധപ്പെട്ട ഇസ്രയേലിന്റെ സൈനിക നടപടികളുടെയും നയതന്ത്ര നീക്കങ്ങളുടെയും പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഇസ്രയേൽ അധികൃതർ വ്യക്തമാക്കുന്നു.