Select Location
All Locations
State
Region
City / District
എന്തൊക്കെ വാര്‍ത്തയാണ് വരുന്നത്, അതൊന്നും ശരിയല്ല; 1200 കോടി നല്‍കിയിട്ടില്ലെന്ന് ഖത്തര്‍

എന്തൊക്കെ വാര്‍ത്തയാണ് വരുന്നത്, അതൊന്നും ശരിയല്ല; 1200 കോടി നല്‍കിയിട്ടില്ലെന്ന് ഖത്തര്‍

ദോഹ: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിക്കാന്‍ ഖത്തര്‍ ഇറാന് പണം വാഗ്ദാനം ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ ഭരണകൂടം തള്ളി. അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് വന്നിരിക്കുന്നത് എന്ന് ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേശകന്‍ മാജിദ് അല്‍ അന്‍സാരി എക്‌സില്‍ കുറിച്ചു. ഇറാനില്‍ നിന്നുള്ള പ്രതിനിധി സംഘം ചര്‍ച്ച നടത്താന്‍ ഖത്തറില്‍ എത്തിയിരിക്കെയാണ് ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിത്. പ്രശ്‌നങ്ങള്‍ക്ക് നയതന്ത്രപമായ പരിഹാരം കാണാന്‍ ശ്രമിക്കുകയാണ്. ഇത് തകര്‍ക്കാനാണ് ചിലര്‍ നീക്കം. ഖത്തറിന്റെ പ്രതിഛായ ഇല്ലാതാക്കാനാണ് ശ്രമം. ആഗോളതലത്തിലുള്ള പ്രധാന പ്രശ്‌നങ്ങളില്‍ ഖത്തര്‍ നടത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ സുതാര്യമാണെന്നും അല്‍ അന്‍സാരി പറയുന്നു. അതേസമയം, ഖത്തറില്‍ ഇറാന്റെ കോടികള്‍ സൂക്ഷിക്കുന്നുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ പരിഹാരം കാണാന്‍ മധ്യസ്ഥത വഹിക്കുന്നത് പാകിസ്താനാണ്. ആദ്യ ചര്‍ച്ചകള്‍ പാകിസ്താനില്‍ നടന്നിരുന്നു. എന്നാല്‍ അടുത്തിടെ ഖത്തറും ചര്‍ച്ചകളുടെ ഭാഗമാണ്. ദോഹയില്‍ ഇറാന്റെ പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ഖത്തറില്‍ നിന്നുള്ള സംഘം അടുത്തിടെ ഇറാന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ഇറാന്റെ ഫണ്ട് ഖത്തര്‍ ബാങ്കില്‍

ഖത്തറില്‍ ഇറാന്റെ വലിയ തുക സൂക്ഷിക്കുന്നുണ്ട്. തടവിലുള്ള അമേരിക്കക്കാരെ ഇറാന്‍ ഏതാനും വര്‍ഷം മുമ്പ് വിട്ടയച്ചിരുന്നു. ഇതിന് പകരമായി ദക്ഷിണ കൊറിയയില്‍ തടഞ്ഞുവച്ചിരിക്കുന്ന ഫണ്ട് തിരിച്ചുകിട്ടണം എന്ന് ഇറാന്‍ ഉപാധിവച്ചു. നേരിട്ട് കൈമാറില്ല എന്ന് വ്യക്തമാക്കിയ അമേരിക്ക, ഖത്തര്‍ വഴി കൈമാറാമെന്ന് സമ്മതിച്ചു. തുടര്‍ന്നാണ് ഖത്തറിലെ കേന്ദ്ര ബാങ്കിന് പണം കൈമാറിയത്.

600 കോടിയിലധികം വരുന്ന ഈ ഫണ്ട് നിലവില്‍ ഖത്തറിലെ കേന്ദ്ര ബാങ്കിന്റെ നിയന്ത്രണത്തിലാണ്. സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇറാന് ഈ തുക കൈമാറാമെന്ന് ധാരണയുണ്ടാക്കിയിരുന്നു എങ്കിലും അമേരിക്ക പിന്നീട് വാക്ക് മാറ്റി എന്നും വാര്‍ത്തകള്‍ വന്നു. ഇറാന്റെ എണ്ണ വിറ്റ പണം ലോകത്തെ പല രാജ്യങ്ങളിലും അമേരിക്ക തടഞ്ഞുവച്ചിരിക്കുകയാണ്. ഇത് വിട്ടു കിട്ടണം എന്നു ഇറാന്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു.

ഇറാന്റെ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ അബ്ദുല്‍ നാസര്‍ ഹിമ്മതി കഴിഞ്ഞ ദിവസം ദോഹ സന്ദര്‍ശിച്ചിരുന്നു. ഫണ്ട് തടഞ്ഞുവച്ചിരിക്കുന്ന വിഷം പ്രധാന ചര്‍ച്ചയായി എന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പണം കൈമാറാമെന്ന് ഖത്തര്‍ വാഗ്ദാനം ചെയ്തുവെന്നും പ്രചാരണമുണ്ടായി. ഇതാണ് ഖത്തര്‍ നിഷേധിച്ചിരിക്കുന്നത്.

അമേരിക്കയുമായി സൗഹൃദമുള്ള പല രാജ്യങ്ങളിലും ഇറാന്റെ പണം പിടിച്ചുവച്ചിട്ടുണ്ട്. ഇതെല്ലാം തങ്ങള്‍ക്ക് തിരിച്ചുകിട്ടണം എന്നാണ് ഇറാന്റെ ആവശ്യം. അമേരിക്കയുമായുള്ള ചര്‍ച്ച തുടങ്ങുന്നതിന് പകരമായി ഈ പണത്തിന്റെ ഒരു ഭാഗം കിട്ടണം എന്ന് ഇറാന്‍ ആവശ്യപ്പെട്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അമേരിക്ക സമ്മതിച്ചു എന്നും വാര്‍ത്ത വന്നു. എന്നാല്‍ ഇക്കാര്യം അമേരിക്ക നിഷേധിച്ചു.


One India Malayalam 1 hour ago
Home Flash News