Select Location
All Locations
State
Region
City / District
റൗൾ കാസ്‌ട്രോയ്‌ക്കെതിരായ യുഎസ് കുറ്റപത്രം നിയമവിരുദ്ധം; ക്യൂബയ്ക്ക് ഐക്യദാർഢ്യ പ്രമേയവുമായി സിപിഐഎം

റൗൾ കാസ്‌ട്രോയ്‌ക്കെതിരായ യുഎസ് കുറ്റപത്രം നിയമവിരുദ്ധം; ക്യൂബയ്ക്ക് ഐക്യദാർഢ്യ പ്രമേയവുമായി സിപിഐഎം

ക്യൂബയ്ക്കെ‌തിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ പ്രതിഷേധം രേഖപ്പെടുത്തി സിപിഐഎം കേന്ദ്രകമ്മറ്റി. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്ര കമ്മറ്റി യോഗം പ്രമേയം പാസാക്കി. വിപ്ലവ നേതാവ് റൗൾ കാസ്ട്രോക് എതിരെ കുറ്റപത്രം ചുമത്തിയ അമേരിക്കയുടെ നീക്കം നിയമവിരുദ്ധമെന്നും സിപിഐഎം വിലയിരുത്തി.

ക്യൂബ ഒറ്റയ്ക്കല്ല – യുഎസ് ക്യൂബയിൽ നിന്ന് പിന്മാറുക എന്ന തലക്കെട്ടിലാണ് ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം പാസാക്കിയത്. ക്യൂബൻ വിപ്ലവത്തിൻ്റെ ചരിത്ര നേതാവായ റൗൾ കാസ്ട്രോയ്‌ക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് അടുത്തിടെ പ്രഖ്യാപിച്ച നിയമവിരുദ്ധവുമായ കുറ്റപത്രത്തെ സിപിഐഎം അപലപിച്ചു. 1996-ൽ ക്യൂബൻ വ്യോമാതിർത്തി ലംഘിച്ച മിയാമി ആസ്ഥാനമായുള്ള ‘ബ്രദേഴ്‌സ്‌ ടു ദി റെസ്‌ക ഭീകരസംഘടനയുടെ ലഘുവിമാനം വെടിവെച്ചിട്ട സംഭവത്തെ മുൻനിർത്തിയാണ് റൗൾ കാസ്ട്രോയ്ക്ക് എതിരെ കുറ്റപത്രം ചുമത്തിയത്.

സാമ്രാജ്യത്വ ശക്തികൾക്ക് നിശ്ചയദാർഢ്യത്തെ തകർക്കാൻ കഴിയാത്തതിൻ്റെ നിരാശയിൽ നിന്നാണ് ഇത്തരം രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങൾ ഉണ്ടാകുന്നതെന്ന് കേന്ദ്രകമ്മറ്റി യോഗം വിമർശിച്ചു. സൈനിക അധിനിവേശ ഭീഷണിയും ട്രംപിന്റെ പ്രസ്താവനയും ക്യൂബയിലെ സോഷ്യലിസ്റ്റ് ഭരണസംവിധാനത്തെ തകർക്കാനും ഭരണമാറ്റം അടിച്ചേൽപ്പിക്കാനുമാണ് യുഎസ് പരസ്യമായി ശ്രമിക്കുന്നത് എന്നും സിപിഐഎം ചൂണ്ടിക്കാട്ടി.
കടുത്ത സാമ്പത്തിക ഉപരോധങ്ങൾ മൂലം ജനങ്ങൾ വലിയ ദുരിതം അനുഭവിക്കുമ്പോഴും ക്യൂബൻ ജനത ശക്തമായ ചെറുത്തു നിൽപ്പാണ് നടത്തുന്നത്. ഈ സാഹചര്യത്തിൽ അമേരിക്ക നടത്തുന്ന ഏതൊരു സൈനിക ഇടപെടലും വലിയൊരു മാനുഷിക ദുരന്തത്തിന് വഴിവെക്കുമെന്നും സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ക്യൂബൻ ജനത ഏതറ്റം വരെയും പോരാടുമെന്നും പ്രമേയത്തിൽ മുന്നറിയിപ്പ് നൽകുന്നു.


Kairali News 2 days ago
Home Flash News