Select Location
All Locations
State
Region
City / District
'മനുഷ്യരല്ലേ, തെറ്റ് സ്വാഭാവികം; കുറച്ച് ബഹുമാനമാകാം'! കമന്‍റേറ്റര്‍മാര്‍ക്കെതിരെ റിയാന്‍ പരാഗ്

'മനുഷ്യരല്ലേ, തെറ്റ് സ്വാഭാവികം; കുറച്ച് ബഹുമാനമാകാം'! കമന്‍റേറ്റര്‍മാര്‍ക്കെതിരെ റിയാന്‍ പരാഗ്

ഐപിഎലിനിടെ കമന്‍റേറ്റര്‍മാര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. ലക്നൗവിനെതിരായ ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പരാഗ് പൊട്ടിത്തെറിച്ചത്. വിമര്‍ശനങ്ങളെ താന്‍ കാര്യമാക്കാറില്ലെന്നും ക്രിക്കറ്റില്‍ മാത്രമാണ് ശ്രദ്ധയെന്നും പരാഗ് പറഞ്ഞു. ' ഞാനിനി എന്തൊക്കെ ചെയ്താലും ആളുകള്‍ പറയാനുള്ളത് പറയുമെന്ന് ഞാനിപ്പോള്‍ മനസിലാക്കി. ഇനി എന്തൊക്കെ എന്നെ കുറിച്ച് ആളുകള്‍ പറഞ്ഞാലും അതൊന്നും എന്‍റെ കളിയെയോ, എന്‍റെ മാനസികാവസ്ഥയെയോ, ഫോമിനെയോ ബാധിക്കാന്‍ ഞാന്‍ ഇടയാക്കില്ല. കീ ബോര്‍ഡ് പോരാളികള്‍ കളത്തിന് പുറത്താണ്. ഞാന്‍ എന്‍റെ കളിയില്‍,പ്രകടനത്തില്‍ വിശ്വസിക്കുന്നുണ്ട്. അതിനെ മറ്റൊന്നും സ്വാധീനിക്കാന്‍ അനുവദിക്കില്ല'– പരാഗ് പറഞ്ഞു.

കളിക്കാര്‍ക്ക് പിഴവ് സംഭവിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ കമന്‍റേറ്റര്‍മാര്‍ താരങ്ങളുടെ വ്യക്തിജീവിതത്തെ പരസ്യമായി വലിച്ച് കീറുകയാണെന്നും കമന്‍ററി ബോക്സിലിരുന്ന് അത്തരം കാര്യങ്ങള്‍ സംസാരിക്കേണ്ടതിന്‍റെ ആവശ്യമില്ലെന്നും പരാഗ് കൂട്ടിച്ചേര്‍ത്തു. 'കളിക്കാര്‍ നല്ലതുപോലെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. 75 റണ്‍സിനും 80 റണ്‍സിനും ഒരു ടീം ഓള്‍ഔട്ടാകുമ്പോള്‍ കമന്‍ററി ബോക്സിലിരുന്ന് എന്ത് വേണമെങ്കിലും വിളിച്ചുപറയാം. പക്ഷേ ആ കളിക്ക് മൂന്ന് നാല് ദിവസം മുന്‍പ് തന്നെ അവര്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്നോ 220 റണ്‍സും അതിനുമുകളിലും വിജയലക്ഷ്യം കുറിക്കണമെന്നോ എല്ലാം തീരുമാനിച്ചതോ, അതിനായി പ്രയത്നിച്ചതോ ആരും കണക്കിലെടുക്കില്ല. ചിലപ്പോള്‍ പ്ലാന്‍ ചെയ്യുന്നത് പോലെ നടക്കില്ല. ഞങ്ങളും മനുഷ്യരാണ്. തെറ്റ് സംഭവിക്കും'– താരം വിശദീകരിച്ചു.

കളിക്കളത്തിന് പുറത്ത് എന്ത് സംഭവിക്കുന്നുവെന്നതില്‍ കമന്‍റേറ്റര്‍മാര്‍ ആകുലപ്പെടേണ്ടതില്ലെന്നും പരാഗ് ഒളിയമ്പെയ്തു. 'കമന്‍റേറ്റര്‍മാരുടെ വാക്കുകളാണ് ആരാധകരിലേക്ക് എത്തുന്നത്. ദയവ് ചെയ്ത് നിങ്ങള്‍ക്ക് ക്രിക്കറ്റിനെ അല്‍പമെങ്കിലും സ്നേഹിക്കൂ, ക്രിക്കറ്റിനെ കുറിച്ച് പറയൂ, ഇന്ത്യ പോലെ ക്രിക്കറ്റിനെ ഇത്രയും വൈകാരികമായി ആളുകള്‍ കാണുന്ന സ്ഥലത്ത് കുറച്ചൊക്കെ ബഹുമാനത്തോടെ പെരുമാറൂ, ക്രിക്കറ്റല്ലാതെ ഒന്നും സംസാരിക്കാതെ ഇരിക്കൂ'- എന്നായിരുന്നു പരാഗിന്‍റെ ഉപദേശം. ഡ്രസിങ് റൂമിലിരുന്ന് പരാഗ് വേപ് ഉപയോഗിച്ചത് വിവാദമാകുകയും നടപടിയുണ്ടാകുകയും ചെയ്തിരുന്നു. ലക്നൗവിനെതിരായ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ നാലാമതെത്തി. മുംബൈയ്ക്കെതിരായ അവസാന ലീഗ് മല്‍സരം കൂടി ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ കടക്കാം. അല്ലെങ്കില്‍ പുറത്തുമാകും. 38 പന്തില്‍ നിന്ന് 93 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിന് പുതിയ ജീവന്‍ പകര്‍ന്നത്.


Manorama News 3 days ago
Home Flash News