Select Location
All Locations
State
Region
City / District
നാളെയുടെ പ്രതിഭകൾക്കായി കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും ; 14 ജില്ലകളിലും പ്രത്യേക ബോധവത്കരണ ക്യാമ്പുകൾ

നാളെയുടെ പ്രതിഭകൾക്കായി കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും ; 14 ജില്ലകളിലും പ്രത്യേക ബോധവത്കരണ ക്യാമ്പുകൾ

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) പ്രമുഖ സാമൂഹിക സന്നദ്ധ സംഘടനയായ ‘ദിൽ സെ’യും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസുകൾക്ക് തുടക്കമായി. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുക, ചൂഷണങ്ങൾക്കെതിരെ ഭയമില്ലാതെ പ്രതികരിക്കാൻ അവരെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ 14 ജില്ലകളിലായി ക്ലാസുകൾ നടത്തുന്നത്. ആദ്യഘട്ടം കാസർകോട്, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ വിജയകരമായി പൂർത്തിയാക്കി. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ ബോധവത്കരണ ക്ലാസുകൾ പൂർത്തിയാക്കാനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.

​സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 12 മുതൽ 19 വയസ്സുവരെയുള്ള ജൂനിയർ ക്രിക്കറ്റ് താരങ്ങളെ ലക്ഷ്യമിട്ടാണ് ഈ വിപുലമായ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. ‘ദിൽ സെ’ മാനേജിംഗ് ട്രസ്റ്റി ക്രിസ്റ്റൽ ഹാർട്ട് സിംഗിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്കായുള്ള പ്രത്യേക പരിശീലന സെഷനുകൾ പുരോഗമിക്കുന്നത്. വളർന്നുവരുന്ന പുതിയ തലമുറയെ ശാരീരികമായും മാനസികമായും ശാക്തീകരിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ ക്യാമ്പുകളിലൂടെ കെ.സി.എ ഏറ്റെടുത്തിരിക്കുന്നത്

​കുട്ടികളിൽ ആത്മവിശ്വാസവും പ്രതിരോധശേഷിയും വളർത്തിയെടുക്കാൻ ഉതകുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. മോശം സ്പർശനങ്ങളെയും പീഡനശ്രമങ്ങളെയും എങ്ങനെ തിരിച്ചറിയാമെന്നും അത്തരം സാഹചര്യങ്ങളെ ധീരമായി എങ്ങനെ നേരിടാമെന്നും കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് വിദഗ്ദ്ധർ വിശദീകരിക്കുന്നത്. ഇതിനുപുറമെ, കായികരംഗത്ത് മത്സരങ്ങളുടെ ഭാഗമായി താരങ്ങൾ നേരിടേണ്ടി വരുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള പ്രത്യേക കൗൺസിലിംഗും ഈ ക്യാമ്പിന്റെ ഭാഗമായി നൽകുന്നുണ്ട്. കുട്ടികൾക്ക് ഭയരഹിതവും പൂർണ്ണമായും സുരക്ഷിതവുമായ ഒരു കായിക അന്തരീക്ഷം സൃഷ്ടിക്കാൻ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.എ ഭാരവാഹികൾ വ്യക്തമാക്കി.


Kairali News 4 days ago
Home Flash News