Select Location
All Locations
State
Region
City / District
ധോണിയുടെ അവസാന മല്‍സരം ഇന്ന്? ചെപ്പോക്കില്‍ 'തല' വിരമിക്കല്‍ പ്രഖ്യാപിക്കും! റിപ്പോര്‍ട്ട്

ധോണിയുടെ അവസാന മല്‍സരം ഇന്ന്? ചെപ്പോക്കില്‍ 'തല' വിരമിക്കല്‍ പ്രഖ്യാപിക്കും! റിപ്പോര്‍ട്ട്

ഐപിഎല്‍ ഈ സീസണില്‍ രണ്ട് ലീഗ് മല്‍സരങ്ങള്‍ മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്സിന് മുന്നില്‍ ശേഷിക്കുന്നത്. ഇതുവരെയും ടീമിന്‍റെ സൂപ്പര്‍ താരം, സാക്ഷാല്‍ ധോണി കളിക്കാനിറങ്ങിയിട്ടേയില്ല. കാലിലെ പേശിക്കേറ്റ പരുക്കിനെ തുടര്‍ന്ന് സീസണിന്‍റെ തുടക്കം മുതല്‍ താരം വിശ്രമത്തിലായിരുന്നു.'തല'യുടെ കളി കാണാന്‍ ആരാധകര്‍ ഓരോ തവണയും കാത്തിരുന്നു. ആ കാത്തിരിപ്പിന് ഇന്ന് വിരാമമായേക്കുമെന്നും അതോടൊപ്പം വമ്പന്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചെപ്പോക്കില്‍ ഇന്ന് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് കളിക്കാനിറങ്ങുമ്പോള്‍ ധോണിയുമുണ്ടായേക്കും. മഞ്ഞക്കുപ്പായത്തില്‍, ട്വന്‍റി 20യില്‍ ധോണിയുടെ അവസാനത്തെ മല്‍സരം കൂടിയാകും ഇതെന്നും സൂചനയുണ്ട്. ചെപ്പോക്കിലേത് ധോണിയുടെ വിരമിക്കല്‍ മല്‍സരമാകുമെന്ന് കണക്കാക്കാന്‍ ചില കാരണങ്ങളുണ്ട്. ധോണി തന്നെയാണ് അതേക്കുറിച്ച് ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത്. അഞ്ചുവര്‍ഷം മുന്‍പായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. 2021 ല്‍ ചെന്നൈ കിരീടം നേടിയപ്പോഴാണ് തന്‍റെ അവസാന ട്വന്‍റി20 മല്‍സരവും ചെന്നൈയിലാകണമെന്നാണ് ആഗ്രഹമെന്ന് താരം വെളിപ്പെടുത്തിയത്.

'ഞാന്‍ എല്ലായ്പ്പോഴും എന്‍റെ കളി പ്ലാന്‍ ചെയ്തിട്ടുണ്ട്. അവസാന മല്‍സരം ‍ഞാന്‍ റാഞ്ചിയിലാണ് കളിച്ചത്. ഹോം മല്‍സരങ്ങളില്‍ അവസാനത്തെ ഏകദിനവും റാഞ്ചിയിലായിരുന്നു. അതുകൊണ്ടുതന്നെ അവസാന ട്വന്‍റി 20 ചെന്നൈയിലാകുമെന്ന് കരുതാം. അതിപ്പോള്‍ അടുത്ത വര്‍ഷമോ, അഞ്ചുവര്‍ഷം കഴിഞ്ഞോ ആകാം'. ധോണി പറഞ്ഞ ആ അഞ്ചുവര്‍ഷത്തെ കാലയളവ് ഇന്നാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതല്ലാതെ അടുത്തൊന്നും ചെന്നൈയില്‍ മല്‍സരവുമില്ല. ഹൈദരാബാദിനെതിരെ ധോണി ഇറങ്ങാന്‍ സാധ്യതയെന്ന് അടുത്ത സുഹൃത്ത് കൂടിയായ അശ്വിനും വെളിപ്പെടുത്തിയിരുന്നു. ചെന്നൈയുടെ അവസാനത്തെ രണ്ടോ, മൂന്നോ മല്‍സരങ്ങളില്‍ ധോണി കളിക്കുമെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. 'ഹൈദരാബാദിനെതിരെ ധോണി കളിക്കാന്‍ നല്ല സാധ്യതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് കാത്തിരുന്ന് കാണാം. ഞാന്‍ കേട്ടിടത്തോളം താരം ഇറങ്ങും'- എന്നായിരുന്നു അശ്വിന്‍റെ വാക്കുകള്‍. അതേസമയം, ധോണി കളിക്കുമോയെന്ന കാര്യത്തില്‍ ചെന്നൈ ക്യാംപ് ഉറപ്പൊന്നും പറയുന്നില്ല. താരം പൂര്‍ണ ആരോഗ്യവാനാണെന്നും എന്നാല്‍ ടീമിന്‍റെ സന്തുലിതാവസ്ഥ തെറ്റാതിരിക്കാന്‍ ധോണി മനഃപൂര്‍വം ഒഴിഞ്ഞു നില്‍ക്കുകയാണെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.

സീസണില്‍ 12 കളികളില്‍ നിന്നായി 12 പോയിന്‍റാണ് ചെന്നൈ സൂപ്പര്‍ കിങ്സിനുള്ളത്. പ്ലേ ഓഫ് കടക്കണമെങ്കില്‍ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങള്‍ കൂടി ജയിച്ചേ തീരൂ.രാത്രി 7.30നാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സിഎസ്കെയുടെ മല്‍സരം.


Manorama News 6 days ago
Home Flash News