Select Location
All Locations
State
Region
City / District
സൗദി അറേബ്യയിൽ ഇത്തവണത്തെ ബലി കൂപ്പൺ നിരക്ക് നിശ്ചയിച്ചു

സൗദി അറേബ്യയിൽ ഇത്തവണത്തെ ബലി കൂപ്പൺ നിരക്ക് നിശ്ചയിച്ചു

ജിദ്ദ∙ ഈ വർഷത്തെ ബലി കർമത്തിനുള്ള കൂപ്പൺ നിരക്ക് 720 റിയാലായി സൗദി അറേബ്യയുടെ ഔദ്യോഗിക ബലി മാംസ വിതരണ പദ്ധതിയായ ‘അദാഹി’ പ്രഖ്യാപിച്ചു. ഹജ് തീർഥാടകർക്കും മറ്റ് ഗുണഭോക്താക്കൾക്കും ശരീഅത്ത് നിയമങ്ങളും ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ച് വിശ്വസനീയമായ രീതിയിൽ ബലി കർമം നിർവഹിക്കാൻ ഈ പദ്ധതി സൗകര്യമൊരുക്കും. അദാഹി, നുസുക്, ഇഹ്സാൻ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ സൗദി പോസ്റ്റ്, പ്രമുഖ ബാങ്കുകൾ (SNB, അൽ രാജ്ഹി, അൽ ഫ്രാൻസി), ജാഹിസ് ആപ്പ് തുടങ്ങിയ വിവിധ അംഗീകൃത ചാനലുകൾ വഴി കൂപ്പണുകൾ ലഭ്യമാണ്. ബലിമൃഗത്തെ തിരഞ്ഞെടുക്കുന്നത് മുതൽ വെറ്ററിനറി പരിശോധന, കശാപ്പ്, സംസ്കരണം, പാക്കേജിങ്, വിതരണം എന്നിവയുൾപ്പെടെയുള്ള മുഴുവൻ സേവനങ്ങളും ഈ 720 റിയാൽ നിരക്കിൽ ഉൾപ്പെടുന്നു.

മക്കയിലെ പുണ്യസ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഏഴ് സംയോജിത കേന്ദ്രങ്ങൾ വഴിയാണ് അദാഹി പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഉദുഹിയത്ത്, ഹദ്‌യ്, ഫിദ്യ, സദഖ, അഖീഖത്ത് തുടങ്ങിയ സേവനങ്ങളെല്ലാം ഗുണഭോക്താവിന്റെ പേരിൽ പദ്ധതി നേരിട്ട് നിർവഹിക്കുന്നു.

വെറ്ററിനറി വിദഗ്ധരുടെയും ശരീഅത്ത് സമിതിയുടെയും കർശന മേൽനോട്ടത്തിലാണ് ഓരോ ഘട്ടവും നടപ്പിലാക്കുന്നത്. ഹജ് വേളയിൽ പുണ്യസ്ഥലങ്ങളിലും ഹറം പരിധിയിലും മാംസം വിതരണം ചെയ്യുന്നതിനൊപ്പം, മിച്ചം വരുന്നവ ലോകമെമ്പാടുമുള്ള 25ഓളം ഇസ്‌ലാമിക രാജ്യങ്ങളിലെ അർഹരായവരിലേക്ക് സൗദി എംബസികൾ മുഖേന എത്തിക്കുന്നു. മക്ക റോയൽ കമ്മീഷന്റെ പൂർണ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ പദ്ധതിയിലൂടെ പ്രതിവർഷം പത്ത് ലക്ഷത്തിലേറെ മൃഗങ്ങളെയാണ് ബലിയറുക്കുന്നത്. മിനായിലെ കശാപ്പുശാലകളിൽ ജോലി ചെയ്യുന്നതിനായി കാൽ ലക്ഷത്തോളം തൊഴിലാളികളെ ഓരോ വർഷവും പ്രത്യേകമായി റിക്രൂട്ട് ചെയ്യുന്നുണ്ട്. ബലി മാംസം പാഴാകാതെ സൂക്ഷിക്കാനും പരിസ്ഥിതി മലിനീകരണം ഒഴിവാക്കി അത് ലോകമെമ്പാടുമുള്ള നിർധനർക്ക് പ്രയോജനപ്പെടുത്താനുമായി നാലര പതിറ്റാണ്ട് മുമ്പാണ് സൗദി അറേബ്യ ഈ ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചത്.


Manorama News 59 minutes ago
Home Flash News