Select Location
All Locations
State
Region
City / District
കുവൈത്ത് ദ്വീപ് പിടിക്കാന്‍ ഇറാന്‍; സൗദി അറേബ്യ രഹസ്യ ആക്രമണം നടത്തി എന്ന് റിപ്പോര്‍ട്ട്, അശാന്തം

കുവൈത്ത് ദ്വീപ് പിടിക്കാന്‍ ഇറാന്‍; സൗദി അറേബ്യ രഹസ്യ ആക്രമണം നടത്തി എന്ന് റിപ്പോര്‍ട്ട്, അശാന്തം

കുവൈത്തിലെ ബുബിയാന്‍ ദ്വീപ് പിടിച്ചടക്കാന്‍ ഇറാന്‍ ശ്രമിച്ചു എന്ന് കുവൈത്ത് ഭരണകൂടം. കടല്‍ വഴി ബോട്ടിലൂടെ ഇറാന്റെ വിപ്ലവ സേനാംഗങ്ങള്‍ എത്തി എന്നാണ് ആരോപണം. നാലു പേരെ കുവൈത്ത് പിടികൂടി. ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചു എന്ന് കുവൈത്ത് പറയുന്നു. ഇറാന്റെ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത് പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ബുബിയാന്‍ ദ്വീപില്‍ കടന്ന് കുവൈത്ത് സൈന്യത്തെ ആക്രമിക്കാനായിരുന്നുവത്രെ ഇറാന്‍ സൈന്യത്തിന്റെ പദ്ധതി. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ കുവൈത്തിന് അധികാരമുണ്ടെന്നു വിദേശകാര്യ മന്ത്രാലയം എക്‌സില്‍ കുറിച്ചു. എന്നാല്‍ കുവൈത്തിന്റെ ആരോപണം ഇറാന്‍ തള്ളി. അടിസ്ഥാന രഹിതമായ ആരോപണമാണ് കുവൈത്ത് ഉന്നയിക്കുന്നത് എന്ന് ഇറാന്‍ പറയുന്നു.

കുവൈത്ത് അവസരം ദുരുപയോഗം ചെയ്യുകയാണ് എന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാവിഗേഷന്‍ സംവിധാനത്തില്‍ തകരാറ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ നിന്നുള്ളവര്‍ കുവൈത്തിന്റെ ജലാതിര്‍ത്തിയില്‍ കടന്നത്. കുവൈത്തിന്റെ പരമാധികാരം ഇറാന്‍ മാനിക്കുന്നു എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കുവൈത്തില്‍ അറസ്റ്റിലായ ഇറാന്‍ പൗരന്മാരുമായി സംസാരിക്കാന്‍ എംബസി ഉദ്യോഗസ്ഥരെ അനുവദിക്കണം എന്ന് ഇറാന്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് അവരെ വിട്ടയക്കണം എന്നും ഇറാന്‍ അഭ്യര്‍ഥിച്ചു. അതേസമയം, ഇറാനില്‍ നിന്നുള്ളവര്‍ ബോധപൂര്‍വം അതിര്‍ത്തി കടന്നെത്തിയതാണെന്നും ആക്രമണമായിരുന്നു അവരുടെ ലക്ഷ്യം എന്നുമാണ് കുവൈത്ത് പറയുന്നത്.

സൗദി അറേബ്യ ഇറാനില്‍ രഹസ്യമായി ആക്രമണം നടത്തി എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഇറാന്റെ ആക്രമണം ശക്തമായ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് സൗദി തിരിച്ചടിച്ചതത്രെ. ഇറാനില്‍ യുഎഇ ആക്രമണം നടത്തി എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയും ആക്രമിച്ചു എന്ന വിവരം. സൗദി അറേബ്യ ആദ്യമായിട്ടാണ് ഇറാനില്‍ നേരിട്ട് ആക്രമണം നടത്തുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം തുടങ്ങിയത് കഴിഞ്ഞ ഫെബ്രുവരി 28നാണ്. ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കിയത് ജിസിസി രാജ്യങ്ങളിലും പശ്ചിമേഷ്യയിലെ അയല്‍ രാജ്യങ്ങളിലും ഇസ്രായേലിലുമായിരുന്നു. കൂടാതെ ഹോര്‍മുസ് പാത ഇറാന്‍ അടയ്ക്കുകയും ചെയ്തു. ഇതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ വര്‍ധിച്ചു. അമേരിക്കയുമായി അടുത്ത സൈനിക സഹകരണമുണ്ടെങ്കിലും സൗദി അറേബ്യ വിട്ടുനിന്നു എന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. എന്നാല്‍ തിരിച്ചടിച്ചു എന്നാണ് പാശ്ചാത്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎഇക്ക് പിന്നാലെ സൗദിയും ഇറാനെതിരെ നീങ്ങി എന്ന വിവരം വന്നതോടെ യുദ്ധ വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ് മനസിലാകുന്നത്.


One India Malayalam 1 hour ago
Home Flash News