വിജയുടെ അടുത്ത നീക്കം ഡല്‍ഹിയില്‍; ഒരുമുഴം മുമ്പേ എറിഞ്ഞ് രാഹുല്‍ ഗാന്ധി, ഇനിയാണ് ആശങ്ക
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളാണ് അവസാനിച്ചത്. മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും ഒരിടത്ത് വിജയിയും വെന്നിക്കൊടി നാട്ടിയപ്പോള്‍ മറ്റൊരു ചോദ്യം ഉയരുകയാണ്. രാജ്യസഭയില്‍ എന്തു മാറ്റമാണ് ഈ തിരഞ്ഞെടുപ്പ് കൊണ്ടുവരിക. സംസ്ഥാന നിയമസഭകളിലെ പ്രതിനിധ്യമാണ് രാജ്യസഭയിലെ അംഗബലം നിശ്ചയിക്കുക. അതുകൊണ്ടുതന്നെ ബിജെപി വലിയ പ്രതീക്ഷയിലാണ്.
2013ല്‍ കേന്ദ്രത്തില്‍ അധികാരം ലഭിക്കുന്നതിന് മുമ്പ് രാജ്യത്ത് ബിജെപിക്ക് 773 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 1798 ആയി ഉയര്‍ന്നിട്ടുണ്ട്. 2019ല്‍ ലോക്‌സഭയില്‍ ഒറ്റയ്ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കുമായിരുന്ന ബിജെപി 2024ല്‍ ജെഡിയു, ടിഡിപി എന്നീ പ്രാദേശിക കക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥ വന്നു. ബംഗാളിലെ തിരഞ്ഞെടുപ്പ് വിജയം നേരിയ ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ വിജയ്ക്ക് വലിയ അവസരങ്ങളാണ് മുന്നിലെത്തുന്നത്.
പശ്ചിമ ബംഗാളില്‍ ബിജെപിക്ക് 206 സീറ്റുകളാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ബംഗാളില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാന്‍ ബിജെപിക്ക് സാധിക്കും. രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ പുതിയ ബില്ലുകള്‍ പാസാക്കുമ്പോള്‍ എളുപ്പമാകും. പലപ്പോഴും രാജ്യസഭയില്‍ ബിജെപി വലിയ പ്രതിസന്ധി നേരിടാറുണ്ട്. എന്നാല്‍ ഈ തടസം പൂര്‍ണമായി നീങ്ങാന്‍ ബിജെപി ഇനിയും കാത്തിരിക്കണം.
ബംഗാളില്‍ ഇനി രാജ്യസഭാ അംഗങ്ങളുടെ ഒഴിവ് വരിക 2029 ആഗസ്റ്റിലാണ്. അതിന് മുമ്പായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കും. അതായത്, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാല്‍ മാത്രമാണ് ബംഗാളില്‍ ഇപ്പോള്‍ നേടിയ വിജയത്തിന്റെ നേട്ടം രാജ്യസഭയില്‍ ബിജെപിക്ക് ലഭിക്കുക. അടുത്ത വര്‍ഷം ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കും. അതും ബിജെപിക്ക് നിര്‍ണായകമാണ്.
മേല്‍പ്പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലും നിലവില്‍ ബിജെപിക്ക് മികച്ച ഭൂരിപക്ഷമുണ്ട്. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അതേമേല്‍ക്കൈ ബിജെപി നിലനിര്‍ത്തിയാല്‍ മാത്രമേ രാജ്യസഭയില്‍ അംഗബലമുണ്ടാകൂ. ഈ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ എതിര്‍പക്ഷത്ത് കോണ്‍ഗ്രസ് ആണ്. നിലവില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ അംഗബലം 29 ആണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളങ്ങിയാല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ ശക്തി കൂടും.
വിജയ്ക്ക് വന്നിരിക്കുന്ന അവസരം
തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് നയിക്കുന്ന ടിവികെയാണ് തിളങ്ങിയത്. 108 സീറ്റ് നേടിയ ടിവികെക്ക് മൂന്ന് അംഗങ്ങളെ രാജ്യസഭയിലെത്തിക്കാന്‍ കഴിയും. ഡിഎംകെ, കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നീ കക്ഷികളുടെ സീറ്റുകളാണ് ടിവികെക്ക് ലഭിക്കുക. എന്നല്‍ 2028 ജൂണിലാണ് ഈ സീറ്റുകളില്‍ ഒഴിവ് വരുന്നത് എന്നതാണ് എടുത്തു പറയേണ്ട കാര്യം.
തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. കേവല ഭൂരിപക്ഷത്തിന് 10 അംഗങ്ങളുടെ കുറവുണ്ട്. കോണ്‍ഗ്രസ്, ഡിഎംഡികെ, ഇടതുപാര്‍ട്ടികള്‍, മുസ്ലിം ലീഗ്, പിഎംകെ തുടങ്ങിയ കക്ഷികളുമായി ചര്‍ച്ച നടക്കുന്നു എന്നാണ് വിവരം.
കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താന്‍ ടിവികെ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്യുമെന്നും സൂചനയുണ്ട്. രാഹുല്‍ ഗാന്ധിയും കാര്‍ത്തി ചിദംബരവും വിജയിയെ അഭിനന്ദിച്ചത് ഇതിന്റെ സൂചനയായി വിലയിരുത്തുന്നു.
കോണ്‍ഗ്രസ് ടിവികെയെ അകറ്റിയാല്‍ രാജ്യസഭയില്‍ വിജയ് എന്തു നിലപാട് സ്വീകരിക്കുമെന്നത് ഇന്ത്യ സഖ്യത്തിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഡല്‍ഹിയില്‍ കൂടി പ്രാതിനിധ്യം അറിയിക്കാന്‍ പോകുകയാണ് വിജയുടെ ടിവികെ എന്നതാണ് പ്രധാനം. അതേസമയം, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ ഫലം രാജ്യസഭയില്‍ കാര്യമായ മാറ്റമുണ്ടാക്കില്ല. കേരളത്തിലെ ഇടതുപാര്‍ട്ടികളുടെ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെങ്കിലും ഇന്ത്യ സഖ്യത്തിന്റെ രാജ്യസഭയിലെ ശക്തിയില്‍ ഇളക്കം തട്ടില്ല.