14 സ്കൂള്‍ കുട്ടികളിൽ ഒരാള്‍ക്ക് അമിതവണ്ണമെന്ന് ഐസിഎംആർ പഠനം; ഇന്ത്യയിൽ ഈ സംസ്ഥാനങ്ങള്‍ മുന്നിൽ…
പ്രമേഹവും ജീവിതശൈലീ രോഗങ്ങളും രാജ്യത്ത് വർധിച്ചുവരുന്നത് ആശങ്കയുളവാക്കുന്ന കാര്യമായി ഇന്ന് മാറുന്നുണ്ട്. പുതിയ പഠനം അനുസരിച്ച് രാജ്യത്ത് നേരത്തെ തന്നെ ജീവിതശൈലീ രോഗങ്ങള്‍ ആരംഭിക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. ഏഴ് ശതമാനത്തോടടുത്ത് കുട്ടികളിൽ അമിതവണ്ണം വർധിച്ചു വരുന്നെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഇന്ത്യൻ ജേർണൽ ഓഫ് കമ്മ്യൂണിറ്റി മെഡിസിനിൽ പ്രസിദ്ധീകരിച്ച ഐസിഎംആറിൻ്റെ പഠനത്തിൽ 1995നും 2023നും ഇടയിലുള്ള 125 പഠനമെടുത്ത് പരിശോധിച്ചതിൽ നിന്നാണ് വലിയൊരു കണ്ടെത്തലിൽ വിദഗ്ധർ എത്തിച്ചേർന്നത്. 6.79 ശതമാനമാണ് അമിതവണ്ണ നിരക്ക് രാജ്യത്താകെയുള്ളത്. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ഏറ്റവും മുൻപന്തിയിലുള്ളത്. 8.58 ശതമാനമാണ്. മധ്യ ഇന്ത്യയിൽ 5.63 ശതമാനമാണ്. കാലം മാറുന്നതിനനുസരിച്ച് അമിതവണ്ണ നിരക്കിൽ മാറ്റം വരുന്നതായും ജീവിത ശൈലി, വ്യായാമം, എന്നത് അനുസരിച്ച് മാറ്റമുണ്ടാകുന്നതായി വിദഗ്ധർ കണ്ടെത്തി.
‘ഇന്നത്തെ ജനറേഷനിലെ കുട്ടികള്‍ ജങ്ക് ഫുഡുകളും പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങളും ധാരാളമായി കഴിക്കുന്നുണ്ട്. പുറത്തു പോയി കളിക്കുന്നതും കുറവാണ്. ഇതും പോരാതെ പഠിക്കുന്നതിനായുള്ള സമ്മർദ്ദവും ഉറക്കമില്ലായ്മയുമെല്ലാം അമിതവണ്ണം കൂടുന്നതിന് കാരണമാകുന്നു’. ശിശു രോഗ വിദഗ്ധനായ ഡോ. പ്രദീപ് അഗർവാള്‍ പറയുന്നു.