പരിസ്ഥിതിസൗഹൃദ ബദലുകൾ വേണം; കോൾഡ് സ്പാർക്ക് സംവിധാനം പരമ്പരാഗത വെടിക്കെട്ടിനേക്കാൾ മികച്ചത്
നിയമപരമായി അനുവദിക്കപ്പെട്ട പരിധി ലംഘിച്ച് ഉയർന്ന ശബ്ദത്തിലുള്ള കരിമരുന്നുപ്രയോഗം അപകടങ്ങൾ, വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവയ്ക്കും പൊതുജനാരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കരിമരുന്നു പ്രയോഗം ഉത്സവത്തിന്റെ അവിഭാജ്യഘടകമായതിനാൽ, നിരോധനത്തിനുപകരം അതിന്റെ ദൃശ്യഭംഗി നിലനിർത്തുന്ന പരിസ്ഥിതിസൗഹൃദ ബദലുകളാണ് കണ്ടെത്തേണ്ടത്. ടെലിവിഷൻ പരിപാടികളിലും ആളുകൾ തിങ്ങിനിറയുന്ന പൊതുപരിപാടികളിലും മറ്റും ഉപയോഗിക്കുന്ന 'കോൾഡ് സ്പാർക്ക്' സംവിധാനങ്ങൾ ഇതിന് മികച്ച ഉദാഹരണമാണ്.
കോൾഡ് സ്പാർക്ക്, സ്‌ഫോടനമോ പുകയോ അമിതശബ്ദമോ ഇല്ലാതെതന്നെ മനോഹരമായ ദൃശ്യവിസ്മയം ഒരുക്കും. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ വളർന്നുവരുന്ന പുതിയതലമുറയ്ക്ക് ഇത്തരം ആധുനികമായ മാറ്റങ്ങൾ ചെവിപൊട്ടിക്കുന്ന പരമ്പരാഗത വെടിക്കെട്ടുകളെക്കാൾ കൂടുതൽ സ്വീകാര്യമായിരിക്കും. വരികളായോ വൃത്താകൃതിയിലോ ഒക്കെ ക്രമീകരിക്കുന്ന കോൾഡ് സ്പാർക്ക് സംവിധാനമുപയോഗിച്ച് പരമ്പരാഗതരീതിയിലുള്ള വെടിക്കെട്ടിനെക്കാൾ മികച്ചദൃശ്യങ്ങൾ സൃഷ്ടിക്കാനാകും.
പ്രോഗ്രാംചെയ്ത സ്പാർക്ക് ഫൗണ്ടനുകൾക്ക് തിരമാലകൾപോലെയോ പൂത്തിരികൾ പോലെയോ ഉള്ള ദൃശ്യാനുഭവങ്ങൾ വായുമലിനമാക്കാതെയും രൂക്ഷഗന്ധമുണ്ടാക്കാതെയും നൽകാനുമാകും. ഉയരമുള്ള തട്ടുകളിൽ ഇവ സ്ഥാപിക്കുന്നതിലൂടെ ദൂരെയുള്ളവർക്കും ഇത് കാണാൻ സാധിക്കും. മേളത്തിനൊപ്പം മുഴങ്ങുന്ന കതിനവെടികൾക്കുപകരമായി ഇവ ഉപയോഗിക്കുന്നതിലൂടെ ശബ്ദമലിനീകരണവും പുകയും ഒഴിവാക്കിത്തന്നെ ആചാരങ്ങൾ സംരക്ഷിക്കാനാകും.
കോൾഡ് സ്പാർക്ക് സംവിധാനങ്ങൾ സാമ്പത്തികമായി ലാഭകരവും പ്രാദേശികമായി നടപ്പാക്കാൻ എളുപ്പവുമാണ്. ഡ്രോൺ അല്ലെങ്കിൽ ലേസർ സാങ്കേതികവിദ്യ പോലെ സങ്കീർണമല്ലാത്തതിനാൽ യുവാക്കൾക്കും കുടുംബശ്രീ പ്രവർത്തകർക്കുമൊക്കെ പരിശീലനം നൽകി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ഈ മാറ്റങ്ങളൊക്കെ ഘട്ടംഘട്ടമായി നടപ്പാക്കുന്നതാണ് ഉചിതം. തുടക്കത്തിൽ പരമ്പരാഗത വെടിക്കെട്ടിനൊപ്പം ഇത്തരം സംവിധാനങ്ങൾ പരീക്ഷിച്ച് ജനങ്ങൾക്ക് ഇതിനോട് താത്പര്യമുണ്ടാക്കിയെടുക്കാം. കാലക്രമേണ ഇതുമാത്രമാക്കുകയുമാകാം. ഉയർന്ന ശബ്ദത്തിലുള്ള വെടിക്കെട്ടിന്റെ പ്രത്യാഘാതങ്ങൾ തീവ്രമാണ്. പെട്ടെന്നുള്ളതും ആവർത്തിക്കുന്നതുമായ ശബ്ദാഘാതങ്ങൾ നവജാതശിശുക്കളുടെ ഉറക്കചക്രത്തെ തടസ്സപ്പെടുത്താനും സമ്മർദപ്രതികരണങ്ങൾ കൂട്ടാനും വഴിയൊരുക്കും. കേരളത്തിന്റെ സാംസ്‌കാരികതലസ്ഥാനമായ തൃശ്ശൂരിന് പുതിയ മാറ്റങ്ങൾക്ക് നേതൃത്വം നൽകാനാകും. കോർപ്പറേഷനും സാംസ്‌കാരികസ്ഥാപനങ്ങളും പ്രാദേശികക്കൂട്ടായ്മകളും സംയുക്തമായി പരിശ്രമിച്ചാൽ വെടിക്കെട്ടിന്റെ കാര്യത്തിൽ ആചാരങ്ങളും ആധുനികതയും ഒത്തുപോകുന്ന ഒരു പുതിയമാതൃക സൃഷ്ടിക്കാൻ കഴിയും. ഇത് പരിസ്ഥിതിസൗഹൃദപരവും സാമൂഹികപ്രതിബദ്ധതയുള്ളതുമായ ഒരു ദേശീയമാതൃകയായും മാറും.