ഒരു മണിക്കൂറിൽ ഏഴ് അവകാശവാദം, എല്ലാം തെറ്റ്, ഹോർമുസ് അടച്ചിടും; ട്രംപിന് മറുപടിയുമായി ഇറാൻ
ടെഹ്‌റാൻ: അമേരിക്കയുടെ നാവിക ഉപരോധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. സമാധാന കരാറിൽ എത്തുന്നതുവരെ ഉപരോധം പിൻവലിക്കില്ലെന്നും ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ബോംബാക്രമണം പുനരാരംഭിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.
കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാന്റെ അനുമതിയും പ്രത്യേക റൂട്ടും ആവശ്യമാണെന്നാണ് ഇറാന്റെ അവകാശവാദം. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂലം ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ആണവ പ്രതിരോധം പോലെ ഇപ്പോൾ നിർണായകമായി മാറിയിരിക്കുകയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
നിലവിലെ സാഹചര്യത്തിൽ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഏറ്റവും പുതിയ പ്രസ്താവനയിൽ, ഇറാന്റെ പക്കലുള്ള യൂറേനിയം ശേഖരം അമേരിക്കയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ട്രംപിന്റെ അവകാശവാദങ്ങളും ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.
ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് ആണ് ‘എക്‌സി’ലൂടെ, അമേരിക്കൻ നാവിക ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ട്രംപിന് മുന്നറിയിപ്പ് നൽകിയത്. വെടിനിർത്തൽ കാലയളവിൽ എല്ലാ വാണിജ്യ കപ്പലുകൾക്കുമായി ഹോർമുസ് 'പൂർണമായും തുറന്നിരിക്കുന്നു' എന്ന് ഇറാൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ സംഭവവികാസങ്ങൾ.
ലെബനനിലെ വെടിനിർത്തലിന് അനുസൃതമായി, നിശ്ചിത റൂട്ടിലൂടെയുള്ള യാത്ര അനുവദനീയമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, ഇറാനുമായുള്ള 'ഇടപാട്' പൂർത്തിയാകുന്നത് വരെ കടലിടുക്കിലെ നാവിക ഉപരോധം നിലനിൽക്കുമെന്ന് ട്രംപ് വ്യക്തമാക്കി. തർക്കവിഷയങ്ങൾ ഇതിനകം ചർച്ച ചെയ്തതിനാൽ പ്രക്രിയ 'വളരെ വേഗത്തിൽ' അവസാനിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കരാറിലെത്തിയില്ലെങ്കിൽ യുഎസ് വീണ്ടും 'ബോംബുകൾ വർഷിക്കാൻ' തുടങ്ങിയേക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര 'നിശ്ചിത റൂട്ടിലൂടെയും' 'ഇറാന്റെ അനുമതിയോടെയും' മാത്രമേ നടത്താവൂ എന്ന് അരാഗ്ചി മറുപടി നൽകിയത്. ഇതേവിഷയത്തിലാണ് ഘാലിബഫും സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചത്.