“നനഞ്ഞ ബോംബ്!” 2018 പ്രളയത്തെ പറ്റിയുള്ള യുഡിഎഫ് ആരോപണങ്ങളെ തള്ളി മാത്യു ടി തോമസ്
2018 ലെ പ്രളയവുമായ് ബന്ധപ്പെട്ടു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ “നനഞ്ഞ ബോംബ്” എന്ന് വിശേഷിപ്പിച്ച് മുൻ മന്ത്രി മാത്യു ടി തോമസ് എംഎൽഎ. 2018-ലെ പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ 2026-ലെ തിരഞ്ഞെടുപ്പ് വേളയിൽ ചർച്ചയാക്കുന്നത് ദുരുദ്ദേശപരമാണെന്നും ഇതിനിടയിൽ നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും ഇത് ഉന്നയിക്കപ്പെട്ടിരുന്നില്ലെന്നും ആദ്ദേഹം ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച വിഡിയോയിൽ പറഞ്ഞു.
പ്രളയത്തിന് പ്രധാന കാരണം അതിതീവ്ര മഴയാണ് എന്ന് സെൻട്രൽ വാട്ടർ കമ്മീഷനും ചെന്നൈ ഐഐടിയും നടത്തിയ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 2018 ഓഗസ്റ്റ് 15-നാണ് കനത്ത മഴ ആരംഭിച്ചത്. എന്നാൽ അതിനും മുൻപേ, ജൂലൈ 16-ന് തന്നെ തോട്ടപ്പള്ളി സ്പിൽവേയുടെ എല്ലാ ഷട്ടറുകളും തുറന്നിരുന്നു എന്ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിട്ടുള്ളതാണ്.
ഒരു സ്വകാര്യ കമ്പനിക്ക് കരിമണൽ ഖനനത്തിന് അനുമതി നൽകിയെന്ന ആരോപണത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. കരിമണൽ ഖനനത്തിന് ചുമതല നൽകുന്നത് ജലവിഭവ വകുപ്പല്ല, മറിച്ച് വ്യവസായ വകുപ്പാണ് എന്ന് മാത്രമല്ല ഇത്തരമൊരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് ബന്ധപ്പെട്ട കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാസമ്പന്നരായ തിരുവല്ലയിലെ വോട്ടർമാരെ തെറ്റായ വാർത്തകളിലൂടെ മണ്ടന്മാരാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും, ഇത് അവരുടെ പരാജയഭീതിയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.