ഇന്ന് ചെന്നൈ-മംഗളൂരു സ്‌പെഷ്യൽ; വിഷുവിന് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ
ചെന്നൈ: വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈയിൽനിന്ന് ബുധനാഴ്ച(ഏപ്രിൽ 8) മംഗളൂരുവിലേക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 11.55-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് മംഗളൂരു ജങ്ഷനിൽ എത്തുന്ന രീതിയിലാണ് സ്‌പെഷ്യൽ ട്രെയിനിന്റെ (06127) സർവീസ്.
ഏപ്രിൽ ഒൻപത് വ്യാഴാഴ്ച മംഗളൂരു ജങ്ഷൻ- ചെന്നൈ എഗ്മോർ സ്‌പെഷ്യൽ ട്രെയിനും(06128) സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെന്നൈ എഗ്മോറിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ ഈ ട്രെയിനുകൾക്ക് സ്‌റ്റോപ്പുണ്ട്. രണ്ട് എസി ടൂ ടയർ, രണ്ട് എസി ത്രീടയർ, 10 സ്ലീപ്പർ ക്ലാസ്, നാല് ജനറൽ കോച്ചുകളുമായാണ് സർവീസ്. ബുധനാഴ്ച ഉച്ചയോടെ റിസർവേഷൻ ആരംഭിക്കും.