രാജ്യത്ത് ഇന്ധനക്ഷാമമില്ല; പരിഭ്രാന്തി പരത്തുന്നത് ബോധപൂർവമെന്ന് പെട്രോളിയം മന്ത്രാലയം
ഇന്ധനക്ഷാമമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അനാവശ്യമായ പരിഭ്രാന്തിയിൽ ജനങ്ങൾ ഇന്ധനം വാങ്ങിക്കൂട്ടരുതെന്നും മന്ത്രാലയം വ്യക്തമാക്കി
ന്യൂഡൽഹി: ഇന്ത്യയിൽ പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിതരണം പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ഇന്ധനക്ഷാമമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അനാവശ്യമായ പരിഭ്രാന്തിയിൽ ജനങ്ങൾ ഇന്ധനം വാങ്ങിക്കൂട്ടരുതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന പെട്രോൾ പമ്പുകളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്. വിതരണത്തിൽ യാതൊരു നിയന്ത്രണവുമില്ല. 150ലധികം രാജ്യങ്ങളിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്ന ലോകത്തിലെ നാലാമത്തെ വലിയ റിഫൈനറാണ് ഇന്ത്യ. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിലും 41-ലധികം വിതരണക്കാരിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തുന്നുണ്ട്. നിലവിൽ എല്ലാ റിഫൈനറികളും 100 ശതമാനത്തിലധികം ശേഷിയിലാണ് പ്രവർത്തിക്കുന്നത്. അടുത്ത 60 ദിവസത്തേക്കുള്ള എണ്ണ ശേഖരം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്