തമിഴ്‌നാട് തിരഞ്ഞെടുപ്പ്: എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി; ബിജെപി 27 സീറ്റുകളിലും പിഎംകെ 18 സീറ്റുകളിലും
തമിഴ്‌നാട്ടിൽ എൻഡിഎയെ നയിക്കുന്ന എഐഎഡിഎംകെ (AIADMK), ബാക്കിയുള്ള 178 സീറ്റുകളുടെ കാര്യത്തിൽ ചെറുകക്ഷികളുമായുള്ള ചർച്ചകൾ തുടരുകയാണെന്നും ഇത് ഉടൻ പൂർത്തിയാക്കുമെന്നും അറിയിച്ചു
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ദേശീയ ജനാധിപത്യ സഖ്യം (NDA) സീറ്റ് വിഭജന കരാർ തിങ്കളാഴ്ച പൂർത്തിയായി. ധാരണപ്രകാരം ബിജെപി 27 സീറ്റുകളിലും പിഎംകെ 18 സീറ്റുകളിലും എഎംഎംകെ 11 സീറ്റുകളിലും മത്സരിക്കും. തമിഴ്‌നാട്ടിൽ എൻഡിഎയെ നയിക്കുന്ന എഐഎഡിഎംകെ (AIADMK), ബാക്കിയുള്ള 178 സീറ്റുകളുടെ കാര്യത്തിൽ ചെറുകക്ഷികളുമായുള്ള ചർച്ചകൾ തുടരുകയാണെന്നും ഇത് ഉടൻ പൂർത്തിയാക്കുമെന്നും അറിയിച്ചു.
സീറ്റ് വിഭജന കരാർ പ്രഖ്യാപിക്കുന്നതിനായി നടത്തിയ വാർത്താസമ്മേളനത്തിൽ എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി പറഞ്ഞത് ഇങ്ങനെ: "ഞങ്ങളുടേത് വിജയ സഖ്യമാണ്. ഇത്തവണ ഞങ്ങൾ സർക്കാർ രൂപീകരിക്കും. ഞങ്ങൾ ചർച്ചകൾക്കായി ഡൽഹിയിലേക്ക് പോകാറുണ്ട്, എന്നാൽ ഡിഎംകെ ഞങ്ങൾക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. ചർച്ചകൾ സുഗമമായി പൂർത്തിയായി. സഖ്യകക്ഷികൾ ഇന്ന് ചർച്ചകൾ നടത്തി, വൈകുന്നേരത്തോടെ ചെറുകക്ഷികളുടെ സീറ്റ് വിഭജനത്തിലും തീരുമാനമാകും."
സഖ്യകക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്ന് പളനിസ്വാമി പറഞ്ഞു. ഭരണകക്ഷിയായ ഡിഎംകെയെ വിമർശിച്ച അദ്ദേഹം, സഖ്യകക്ഷികളുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും കൃത്യമായൊരു സീറ്റ് വിഭജനത്തിൽ എത്താൻ അവർക്ക് കഴിയുന്നില്ലെന്നും പരിഹസിച്ചു. "എൻഡിഎ വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും. കനിമൊഴി രാഹുൽ ഗാന്ധിയെ കണ്ടിട്ടും അവരുടെ സഖ്യം ഇതുവരെ അന്തിമമായിട്ടില്ല. ബാക്കിയുള്ള എൻഡിഎ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം ഇന്ന് രാത്രിയോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎയുടെ വിജയസാധ്യതയിൽ ബിജെപിയും മറ്റ് സഖ്യകക്ഷികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പളനിസ്വാമി മുഖ്യമന്ത്രിയായി പുതിയ സർക്കാർ അധികാരത്തിൽ വരുമെന്ന് അവർ പറഞ്ഞു.
"ഞങ്ങൾ സർക്കാർ രൂപീകരിക്കും. ഇപിഎസ് (പളനിസ്വാമി) മുഖ്യമന്ത്രിയാകുമെന്ന് ഞങ്ങൾക്ക് 100 ശതമാനം ആത്മവിശ്വാസമുണ്ട്," കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പിയൂഷ് ഗോയൽ ന്യൂസ് 18നോട് പറഞ്ഞു. മണ്ഡലങ്ങളുടെ കാര്യത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തീരുമാനമുണ്ടാകുമെന്ന് എഎംഎംകെ നേതാവ് ടിടിവി ദിനകരനും വ്യക്തമാക്കി.