Kerala Elections 2026: ബി.ജെ.പി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, തിരുവനന്തപുരത്ത് കരമനജയന്‍; കോണ്‍ഗ്രസ് വിട്ടവര്‍ക്കും സീറ്റ്
Kerala Elections 2026: 11 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. തിരുവനന്തപുരം മണ്ഡലത്തില്‍ കരമന ജയന്‍ തന്നെ സ്ഥാനാര്‍ഥിയാകും.
തിരുവനന്തപുരം: മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. തിരുവനന്തപുരം മണ്ഡലത്തില്‍ കരമന ജയന്‍ തന്നെ സ്ഥാനാര്‍ഥിയാകും. 11 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.
പീരുമേട് വി.രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോന്‍, അടൂര്‍ പന്തളം പ്രതാപന്‍, ചവറ കെ.ആര്‍ രാജേഷ്, ചടയമംഗലം ആര്‍.എസ് അരുണ്‍ രാജ്, ചിറയന്‍കീഴ് ബി.എസ് അനൂപ്, തിരുവനന്തപുരം കരമന ജയന്‍, അരുവിക്കര വിവേക് ഗോപന്‍, കോവളം ടി എന്‍ സുരേഷ്, നെയ്യാറ്റിന്‍കര രാജശേഖരന്‍ നായര്‍ എന്നിവര്‍ മത്സരിക്കും.
എല്‍.ഡി.എഫ് വിട്ട ആര്‍.ജെ.ഡി നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രന്‍പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ ബി.ജെ.പി തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയത്. സുരേന്ദ്രന്‍പിള്ളയെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുമ്പ് ആന്റണി രാജു മത്സരിച്ച് വിവജയിച്ച തിരുവനന്തപുരം മണ്ഡലത്തില്‍ നടനായ സുധീര്‍ കരമനയേയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. സി.എം.പിയുടെ സി.പി ജോണാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി.
ഇതോടെ ബി.ജെ.പിക്ക് ആകെ 97 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി. കോണ്‍ഗ്രസ് വിട്ട ബി.എസ് അനൂപ്, ആര്‍.എസ് അരുണ്‍ രാജ് എന്നിവര്‍ ബി.ജെ.പി സ്ഥാനാര്‍ഥികളായി മത്സരരംഗത്തുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിക്ക് പിന്നാലെയാണ് ഇരുവരും ബി.ജെ.പിയില്‍ ചേര്‍ന്നത്. 2021ല്‍ ചിറയന്‍കീഴില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ബി.എസ് അനൂപ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു അരുണ്‍ രാജ്. കോണ്‍ഗ്രസിലെ സ്ഥനാര്‍ഥി പട്ടികയില്‍ ഇവര്‍ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത് .
രണ്ടാം ഘട്ടത്തില്‍ 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. തിരുവനന്തപുരം സെന്‍ട്രല്‍, കണ്ണൂര്‍ എന്നിവിടങ്ങള്‍ ഒഴിച്ചിട്ടുകൊണ്ടാണ് സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടത്.
ബിജെപിയുടെ ആദ്യഘട്ട പട്ടിക പുറത്തുവന്നപ്പോള്‍ പ്രതിഷേധങ്ങളും ഭിന്നതയും ശക്തമായിരുന്നു. മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതായി ആരോപണം ഉയര്‍ന്നിരുന്നു. ആദ്യപട്ടികയില്‍ 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.