സിംഗപ്പൂരിൽ നിന്ന് ഡിസ്നി അഡ്വഞ്ചർ ക്രൂസ്; ഏഷ്യയ്ക്കായി ഡിസ്നിയുടെ ഏറ്റവും വലിയ കപ്പൽ
ഡിസ്നി ക്രൂസ് ലൈനിന്റെ ഏറ്റവും പുതിയ കപ്പലായ ഡിസ്നി അഡ്വഞ്ചർ പ്രഥമ ക്രൂസ് പൂർത്തിയാക്കി സിംഗപ്പൂരിൽ മടങ്ങിയെത്തി. ഡിസ്നിയുടെ ഏറ്റവും വലിയ കപ്പലായ അഡ്വഞ്ചറിൽ ഏഴായിരത്തോളം യാത്രക്കാരും 2,700 ജീവനക്കാരുമുണ്ടായിരുന്നു. സിംഗപ്പൂരിൽ നിന്നു പുറപ്പെട്ട കപ്പൽ പുറം കടലിലൂടെ നാലു രാത്രിയും അഞ്ചു പകലും കറങ്ങിയ ശേഷമാണ് തീരമണഞ്ഞത്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി സിംഗപ്പൂർ കേന്ദ്രമായായിരിക്കും ഡിസ്നിയുടെ പുതിയ ക്രൂസ് പ്രവർത്തിക്കുക. ഏഷ്യ കേന്ദ്രമായുള്ള ആദ്യ ഡിസ്നി കപ്പലാണിത്.
ജീവൻ തുടിക്കുന്ന ഡിസ്നി കഥകളും കഥാപാത്രങ്ങളും സംഗീതവും നിറയുന്ന കപ്പൽയാത്ര കുടുംബമൊത്തുള്ള യാത്രകൾക്കായി രൂപകൽപന ചെയ്തതാണ്. കപ്പലിന്റെ സാങ്കൽപിക ക്യാപ്റ്റൻമാരായി മിക്കി മൗസും മിന്നി മൗസും വാതില്‍പ്പടിയിലെത്തി അതിഥികളെ സ്വാഗതം ചെയ്ത് ഉള്ളിലേക്കാനയിക്കുന്നതു മുതൽ ക്രൂസ് അവസാനിക്കുന്നതുവരെ നിരവധി ഡിസ്നി കഥാപാത്രങ്ങൾ യാത്രക്കാരോടു സല്ലപിക്കും നൃത്തം ചെയ്യും ഫോട്ടോയെടുക്കും.
കപ്പലിലെ വാൾട്ട് ഡിസ്നി തിയേറ്ററിൽ ഗായകരുടെയും സംഗീതജ്ഞരുടെയും അതിശയകരമായ വിഡിയോ ഇഫക്ടുകളുടെയും അകമ്പടിയോടെ ഡിസ്നി മാന്ത്രികത അതിഥികൾക്ക് മതിവരുവോളം ആസ്വദിക്കാം. 23 അംഗ ഓർക്കസ്ട്ര, ഹോളിവുഡ് പെർഫോമിങ് ആർട്സ് ഹാൾ ഓഫ് ഫെയിം ഇൻഡക്റ്റി ജേഡ് മാഡെല, യൂറോവിഷൻ പ്രശസ്തയായ രാജ്യാന്തര റെക്കോർഡിങ് ആർട്ടിസ്റ്റ് ഡാമി ഇം എന്നിവർ ക്ലാസിക് ഡിസ്നി, പിക്സർ, മാർവൽ മെലഡികൾ അവതരിപ്പിക്കും..