തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിച്ചില്ല, അയോഗ്യത നിലനിൽക്കും, മത്സരിക്കാമെന്ന മോഹം പൊലിഞ്ഞു
കൊച്ചി: തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച 3 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കൂടിയായ ആൻ്റണി രാജു നൽകിയ ഹർജിയിൽ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് ജസ്റ്റിസ് സി ജയചന്ദ്രനാണ് ഹർജിയിൽ നിർണായക വിധി പ്രസ്താവിച്ചത്. ഇതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന ആൻ്റണി രാജുവിന്റെ മോഹം പൊലിഞ്ഞു.
നാമനിർദേശ പത്രിക സമർപ്പിക്കാൻ വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോടതി വിധി. നിലവിൽ ജനാധിപത്യ കേരള കോൺഗ്രസ് തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്.
ഹൈക്കോടതി വിധി അനുകൂലമാവുകയാണെങ്കിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആൻ്റണി രാജുവിന് വീണ്ടും ജനവിധി തേടാൻ സാധിക്കുമായിരുന്നു.
3 വർഷത്തെ ശിക്ഷ ലഭിച്ചതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തിന് അയോഗ്യത കൽപ്പിക്കപ്പെട്ടിരുന്നു. ഇതിലൂടെ ആൻ്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമാവുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം ഇല്ലാതാവുകയും ചെയ്തു. എന്നാൽ, കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി മരവിപ്പിക്കാത്തത് കനത്ത പ്രഹരമാണ് ആൻ്റണി രാജുവിന് നൽകിയത്.
ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചാൽ മാത്രം പോരെന്നും, തന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി തന്നെ റദ്ദാക്കണമെന്നുമാണ് ആൻ്റണി രാജുവിന്റെ പ്രധാന വാദം. കോടതിയിൽ നിന്നും തൊണ്ടിമുതൽ കൈപ്പറ്റി എന്നതുകൊണ്ട് മാത്രം കൃത്രിമം കാണിച്ചത് താൻ തന്നെയാണെന്ന് എങ്ങനെ തെളിയിക്കാനാകും എന്ന വാദമാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രധാനമായും ഉയർത്തിയത്. ഓസ്ട്രേലിയൻ പൗരൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടി പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു എന്നതാണ് ആൻ്റണി രാജുവിനെതിരായ കേസിന്റെ അടിസ്ഥാനം. അന്ന് കേസ് നടത്തിയ സീനിയർ അഭിഭാഷകന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അദ്ദേഹം.