കടലിൽ രക്ഷയ്ക്ക് ഇനി റോബട്ടും: ലൈഫ് ഗാർഡുകൾക്ക് കരുത്തായി എഐ
ദുബായ് ∙ കടലിൽ അപകടത്തിൽപ്പെടുന്നവരെയും മുങ്ങിത്താഴുന്നവരെയും രക്ഷിക്കാനും നിമിഷങ്ങൾക്കകം തിരിച്ചറിയാനും സഹായിക്കുന്ന എഐ റെസ്ക്യൂ റോബർട് ദുബായിൽ പ്രവർത്തനമാരംഭിച്ചു. സന്ദർശകരുടെയും കടൽ തീരങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് നിർമിത ബുദ്ധി (എഐ) അധിഷ്ഠിത രക്ഷാപ്രവർത്തന സംവിധാനം നടപ്പിലാക്കിയതെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
നവീന ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം. രക്ഷാ റോബർട്ട് തീരത്തെ ലൈഫ് ഗാർഡുകൾക്ക് ഉടനടി മുന്നറിയിപ്പ് നൽകുന്നതിനൊപ്പം കൃത്യമായ ലൊക്കേഷൻ വിവരങ്ങളും കൈമാറും. ഇതനുസരിച്ച് ലൈഫ് ഗാർഡ് നിമിഷങ്ങൾക്കകം കൃത്യമായ സ്ഥലത്തെത്തി രക്ഷപ്പെടുത്താൻ സാധിക്കും.
ജുമൈറ ബീച്ച് 1, 2, 3, ഉം സുഖീം ബീച്ച്, അൽ മംസാർ ബീച്ച് എന്നിവിടങ്ങളിലാണ് സ്മാർട്ട് റോബട്ടുകൾ ജോലി ഏറ്റെടുത്തത്. പുതുതായി നവീകരിച്ച ജുമൈറ 1 ബീച്ചിൽ എഐ രക്ഷാദൗത്യത്തിനൊപ്പം സ്മാർട്ട് ലോക്കറുകൾ, വൈഫൈ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ നൈറ്റ് ബീച്ചുകളിലും സുരക്ഷ ഉറപ്പാക്കാൻ ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം പ്രവർത്തിക്കും. മനുഷ്യസഹായത്തിനൊപ്പം എഐ കരുത്തും ചേരുന്നതോടെ തിരക്കേറിയ ബീച്ചുകൾ ഇനി കൂടുതൽ സുരക്ഷിതമാകും. ലോകത്തിലെ തന്നെ മികച്ച സ്മാർട്ട് സിറ്റിയെന്ന ഖ്യാതിയിലേക്ക് ദുബായിയെ എത്തിക്കുന്നതിന്റെ ഭാഗമായാണ് കടൽതീരങ്ങളിലും ഇത്തരം നൂതന സംവിധാനങ്ങൾ ഒരുക്കുന്നത്.