ദേശീയ സീനിയർ വനിതാ ട്വൻ്റി20: ജമ്മു കശ്മീരിനെ തകർത്ത് കേരളം
ദേശീയ സീനിയർ വനിതാ ട്വൻ്റി20 ടൂർണ്ണമെൻ്റിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം. ടൂർണ്ണമെൻ്റിൽ കേരളത്തിൻ്റെ മൂന്നാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീർ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ടോസ് നേടിയ കേരളം ജമ്മു കശ്മീരിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബവൻദീപ് കൌറും രുഖിയ അമീനും ചേർന്ന് മികച്ച തുടക്കമാണ് കശ്മീരിന് നല്കിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടരെയുള്ള ഓവറുകളിൽ ഇരുവരെയും പുറത്താക്കി എസ് ആശയാണ് മത്സരത്തിൻ്റെ ഗതി കേരളത്തിന് അനുകൂലമാക്കിയത്.