പ്രധാനമന്ത്രിമാർ വരും പോകും. പക്ഷേ സ്ഥാപനങ്ങൾ എല്ലാ കാലത്തും അതിജീവിക്കണം-എസ്.വൈ.ഖുറേഷി;
2010-2012 കാലയളവിൽ രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെന്ന നിലയിൽ നിർണായകമായ ജനാധിപത്യ ഇടപെടലുകൾ നടത്തിയ ആളാണ് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടിയായ ഷഹാബുദ്ദീൻ യാക്കൂബ് ഖുറേഷി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടലുകളുടെ പേരിൽ അന്നത്തെ കേന്ദ്രമന്ത്രിമാരുടെ അപ്രീതിക്ക് ഇരയാകേണ്ടിവന്നതും അതിനെ കൂസാതെ മുന്നോട്ട് പോയതും വിവരിക്കുന്നുണ്ട്. ഒരുപക്ഷേ, ടി.എൻ. ശേഷനുശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിർണായക ഇടപെടലുകൾ നടത്തിയ ആളെന്ന വിശേഷണം ഖുറേഷിക്കുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ വന്ന 1950 ജനുവരി 25 ന്റെ ഓർമയ്ക്ക് എല്ലാ വർഷവും വോട്ടവകാശ ദിനമായി ആചരിക്കാനുള്ള തീരുമാനം അതിലൊന്നുമാത്രം. ഇപ്പോൾ രാജ്യത്ത് നടന്നുവരുന്ന എസ്.ഐ.ആറിന്റെ പേരിൽ ന്യായമായ പൗരൻമാർക്ക് വോട്ടവകാശം നിഷേധിക്കുന്നതിനെ നിരന്തരമായി വിമർശിക്കുന്നയാളാണ് ഖുറേഷി. പൗരന്റെ ജനാധിപത്യാവകാശം സംരക്ഷിക്കപ്പെടണമെന്ന ഉറച്ച ബോധ്യമാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന് ആ വാക്കുകൾ വിളിച്ചുപറയും. എസ്.വൈ. ഖുറേഷി മാതൃഭൂമി ഡൽഹി ബ്യൂറോ ചീഫ് കറസ്പോണ്ടന്റ് സി.പി.ശ്രീഹർഷനോട് സംസാരിക്കുന്നു.;;
'ഇന്ത്യയും ഞാനും: നൂറ് ഓർമകൾ' എന്ന താങ്കളുടെ ഏറ്റവും പുതിയ പുസ്തകത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ അധിക്ഷേപിക്കുന്നതിനെതിരെ കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രി മൻമോഹൻ സിങ് താക്കീത് നൽകിയത് ഓർത്തെടുക്കുന്നുണ്ട്.2012ലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കേന്ദ്രമന്ത്രിയായിരുന്ന സൽമാൻ ഖുർഷിദിനെ പെരുമാറ്റച്ചട്ട ലംഘനത്തിന് ശാസിച്ചതിന്റെ പേരിൽ അദ്ദേഹം താങ്കൾക്കെതിരെ രംഗത്തെത്തിയതാണ്. ഇപ്പോൾ മറ്റൊരു യു.പി തിരഞ്ഞെടുപ്പ് പടിവാതിലിലാണ്. രാജ്യമാകെ എസ്.ഐ.ആറിന്റെ പേരിൽ വോട്ടർമാരുടെ കൂട്ടപ്പുറത്താകൽ നടക്കുന്നു. യു.പിയിൽ 2.8 കോടി പേർ പുറത്തായെന്നാണ് റിപ്പോർട്ട്. ഇതിനെ എങ്ങനെ കാണുന്നു?
Related News