ക്ഷേത്ര ഓഫീസിലല്ലാതെ സ്വന്തം കൈവശമാണ് ഇവർ തിരുവാഭരണങ്ങൾ സൂക്ഷിച്ചിരുന്നതെന്നും കണ്ടെത്തി
തിരുവനന്തപുരത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കൈവശം വെച്ചു; ദേവസ്വം ഉദ്യോഗസ്ഥയ്‌ക്കെതിരെ വിജിലൻസ്
പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മാസങ്ങളോളം അനധികൃതമായി കൈവശം വെച്ച സ്പെഷൽ ഗ്രേഡ് സബ് ഗ്രൂപ്പ് ഓഫിസർ പി.എസ്. കുമാരി സിന്ധുവിനെതിരെ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തണമെന്നും അസിസ്റ്റന്റ് കമ്മീഷണർ ശുപാർശ ചെയ്തു.
മാർച്ച് 25ന് 230 മില്ലിഗ്രാം സ്വർണത്താലിയും ജൂൺ 26ന് 14.20 ഗ്രാം വെള്ളി ഓടക്കുഴലും ഭക്തർ നടയ്ക്കു വച്ചു. ഇവ മാസങ്ങളോളം സ്ട്രോങ് റൂമിൽ സൂക്ഷിക്കാതെ മാറ്റിവച്ചു. ക്ഷേത്ര ഉത്സവത്തിനായി സ്ട്രോങ് റൂമിൽ നിന്നും സ്വർണത്തിലുള്ള 21 ഗ്രാം നെക്ലസ്, കിരീടം, 8 ഗ്രാം ഓടക്കുഴൽ, 32 ഗ്രാം കിരീടം എന്നിവ എടുത്തു. ഉത്സവത്തിന് ശേഷം ജൂലൈ മൂന്നിനാണ് ഇവർ ആഭരണങ്ങൾ സ്ട്രോങ് റൂമിലേക്ക് തിരികെ കൊണ്ടുവന്നത്. വൈകിയതിനെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് വസ്‌തുതയ്ക്ക് നിരക്കാത്ത മറുപടിയാണ് നൽകിയത്. ക്ഷേത്ര ഓഫീസിലല്ലാതെ സ്വന്തം കൈവശമാണ് ഇവർ തിരുവാഭരണങ്ങൾ സൂക്ഷിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ അവധിയെടുക്കുന്ന സമയങ്ങളിൽ സ്ട്രോങ് റൂമിന്റെ താക്കോലും രസീത് ബുക്കുകളും ചുമതലക്കാരന് കൈമാറിയിരുന്നില്ല. പേരൂർ ദേവസ്വത്തിന് കീഴിലുള്ള കുന്നത്തു ദേവസ്വത്തിലെ ഫണ്ട് വിനിയോഗത്തിലും കുമാരി സിന്ധു ഗുരുതരമായ വീഴ്ച വരുത്തിയതായി അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Related News